ആലപ്പുഴ: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട എൻഎസ്‌എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ നിലപാട് ശരിയാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്‌എസ് നിലപാട് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ശബരിമല യുവതീപ്രവേശന വിഷയത്തിലെ എൻഎസ്‌എസ് നിലപാടിനോട് എസ്‌എൻഡിപിക്കും യോജിപ്പാണ്. എൻഎസ്‌എസിന്റേത് വിഷയാധിഷ്‌ഠിത നിലപാടാണ്. സുകുമാരൻ നായർ പറഞ്ഞതാണ് ശരി. എൻഎസ്‌എസ് ഇനി സർക്കാരിനെ എതിർക്കേണ്ടതില്ല. എൻഎസ്‌എസ് സമദൂരം ആണോ ശരിദൂരം ആണോ എന്നറിയില്ല.
നേര് നേരേ പറയണം. ശരി ആര് പറഞ്ഞാലും അംഗീകരിക്കും. ആര് പറഞ്ഞു എന്നല്ല, എന്ത് പറഞ്ഞു എന്നാണ് നോക്കേണ്ടത്. എല്ലാ കാര്യത്തിലും സർക്കാരിനെ വിശ്വസിക്കണമെന്നില്ല. എന്നാൽ, ശബരിമല വിഷയത്തിൽ സർക്കാരിനെ വിശ്വാസമാണ്. പഴയ ആചാരം അനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നത് ജനവികാരം കണക്കിലെടുത്താണ്. സർക്കാരിനെ എൻഎസ്എസ് നിരന്തരം എതിർത്തതായി അറിയില്ല. എൻഎസ്എസ് നേതൃത്വം വിഷയാധിഷ്‌ഠിതമായാണ് സർക്കാരിനെ എതിർത്തത്.
ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ സർക്കാരിനെ എൻഎസ്എസ് എതിർത്തിരുന്നു. എന്നാൽ, സർക്കാർ ഭക്തർക്കൊപ്പമാണെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ എൻഎസ്‌എസ് നിലപാട് മാറ്റി. കോൺഗ്രസിന് നിലപാടില്ലെന്നത് വ്യക്തമാണ്. എവിടെയെങ്കിലും എതിർക്കണം അല്ലെങ്കിൽ അനുകൂലിക്കണം. എനിക്കൊരു കോംപ്ലക്‌സുമില്ല. കോൺഗ്രസുകാർ എന്നെ അകത്താക്കാൻ നോക്കിയതാണ്. എന്റെ വീട്ടിൽ ആരും വരരുതെന്ന് കെപിസിസി വിലക്കിയിരുന്നു. പല കോൺഗ്രസുകാരും പാത്തും പതുങ്ങിയും വന്നിട്ടുണ്ട്. അവർ വരാത്തതിൽ പിണക്കമില്ല. സന്തോഷമേയുള്ളു. എന്നെ അകത്താക്കാൻ നോക്കിയവരെ എന്റെ വീടിന്റെ അകത്താക്കുന്നത് എന്തിനാണ്' - വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |