കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങൾ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച കേസിൽ കസ്റ്റംസ് നടത്തിയ പരിശോധനയിൽ തന്റേതായി പിടിച്ചെടുത്തത് ഒരു വാഹനം മാത്രമാണെന്ന് നടൻ അമിത് ചക്കാലയ്ക്കൽ. മദ്ധ്യപ്രദേശ് രജിസ്‌ട്രേഷനിലുള്ള ലാൻഡ് ക്രൂസർ മാത്രമാണ് തന്റെ വാഹനം. മറ്റ് അഞ്ച് വാഹനങ്ങൾ ഗ്യാരേജിൽ പണിക്കായി കൊണ്ടുവന്നതാണെന്ന് അമിത് പറഞ്ഞു. ഇക്കാര്യം കസ്റ്റംസിനോട് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'തന്റെ വാഹനത്തിന്റെ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്. അഞ്ച് വാഹനങ്ങളുടെ ഉടമകളെ വിവരം അറിയിച്ചിട്ടുണ്ട്. അവർക്ക് രേഖകൾ സമർപ്പിക്കാൻ പത്ത് ദിവസം സമയം നൽകിയിട്ടുണ്ട്. ആ വാഹനങ്ങളുമായി തന്റെ ബന്ധം എന്താണെന്ന് കസ്റ്റംസ് അന്വേഷിച്ചിട്ടുണ്ട്. രേഖകൾ പരിശോധിച്ചതിന് ശേഷം വിളിപ്പിക്കുമെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്'- അമിത് പറഞ്ഞു.
ഇതിനിടെ, കേസിൽ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഊർജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് വാഹനം പിടിച്ചെടുത്തതിനെ തുടർന്ന് നടൻ ദുൽഖർ സൽമാൻ ഉൾപ്പടെയുള്ളവർക്ക് നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്ത സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുണ്ടെന്ന് കസ്റ്റംസ് കമ്മിഷണർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. വാഹനം വാങ്ങിയവരാരും നേരായ മാർഗത്തിലൂടെയല്ല പണം നൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് കൂടെ കേസെടുക്കാൻ സാദ്ധ്യതയുണ്ട്.
നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലടക്കമായിരുന്നു ഇന്നലെ പരിശോധന നടന്നത്. ഇടനിലക്കാരിൽ നിന്നും സെക്കൻഡ് ഹാൻഡ് ഷോറൂമുകളിൽ നിന്നും വാങ്ങിയ വാഹനങ്ങളാണ് താരങ്ങളെ കുടുക്കിയത്.
ഓപ്പറേഷൻ 'നുംഖോർ' എന്ന പേരിലായിരുന്നു പരിശോധന. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തിൽപ്പെട്ടതുമായ വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്ന സംഘത്തെ പൂട്ടുകയായിരുന്നു ലക്ഷ്യം. 25 ലക്ഷം രൂപയിലധികം നൽകിയാണ് വാഹനങ്ങൾ താരങ്ങളടക്കം സ്വന്തമാക്കിയത്. ഭൂട്ടാനിൽ നിന്ന് വാഹനങ്ങളെത്തിച്ച ഇടനിലക്കാരുടെയും സെക്കൻഡ് ഹാൻഡ് ഷോറൂമുകളിൽ നിന്ന് വാഹനം വാങ്ങിയവരുടെയും വീടുകളിലടക്കം 35 ഇടങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശോധന വൈകിട്ടുവരെ തുടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |