പത്തനംതിട്ട: വനാതിർത്തികളിലെ വന്യമൃഗശല്യം ഒഴിവാക്കാൻ നൂതന പദ്ധതിയുമായി വനംവകുപ്പ്. കൈതച്ചക്കയും കരിമ്പും ചക്കയും മറ്റും തിന്നാനാണ് വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നത്. ഇത് ഒഴിവാക്കാൻ ഇവയ്ക്ക് ആവശ്യമായ പുല്ലും ഫലവൃക്ഷങ്ങളും കാട്ടിൽത്തന്നെ വളർത്തിയെടുക്കാനാണ് പദ്ധതി.
കാട്ടാന, കാട്ടുപന്നി, കുരങ്ങ് എന്നിവയുടെ ശല്യം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇവ മലയോരമേഖലയിൽ വൻ നാശമാണ് ഉണ്ടാക്കുന്നത്.
വന്യമൃഗങ്ങൾക്ക് ഇഷ്ടമുള്ള വിളകളടങ്ങിയ വിത്തുണ്ടകൾ വനത്തിൽ വിതറി മുളപ്പിക്കും. ജൂൺ, ജൂലായ് മാസങ്ങളിൽ പദ്ധതി നടപ്പാക്കാനുള്ള മുന്നൊരുക്കം തുടങ്ങി. പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിറുത്താനും ഇത് സഹായിക്കുമെന്ന് കരുതുന്നു.
വനാതിർത്തികളിൽ കൈതയും കരിമ്പും വാഴയും കൃഷി ചെയ്യരുതെന്ന് വനംവകുപ്പ് നിർദ്ദേശിച്ചിരുന്നെങ്കിലും ആരും ഗൗനിച്ചില്ല. കർഷകർക്ക് പലതവണ നോട്ടീസ് നൽകിയെങ്കിലും കൃഷി വ്യാപകമാണ്. റബർ തൈകൾ കൃഷി ചെയ്യുമ്പോൾ ഇടവിളയായി കൈത കൃഷി ചെയ്യുന്നത് പതിവാണ്. കൈത, കരിമ്പ്, ചക്ക തുടങ്ങിയവയുടെ മണം പിടിച്ചാണ് ആന ഉൾപ്പെടെയുള്ളവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത്. അടുത്തിടെ, കോന്നി കുളത്തുമണ്ണിൽ കൈതത്തോട്ടത്തിന്റെ അതിർത്തിയിൽ സ്ഥാപിച്ച വേലിയിൽ അമിത അളവിൽ വൈദ്യുതി പ്രവഹിച്ച് കാട്ടാന ചരിഞ്ഞത് വിവാദമായിരുന്നു. ജനപ്രതിനിധികൾ കർഷകർക്കൊപ്പം നിൽക്കുന്നതിനാൽ ഇത്തരം കേസുകളിൽ വനംവകുപ്പ് കാര്യമായ നിയമനടപടി സ്വീകരിക്കാറില്ല.
വിത്തുണ്ട
മണ്ണിന്റെയും കമ്പോസ്റ്റിന്റെയും മിശ്രിതത്തിൽ ഫലവൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും വിത്തുകൾ പൊതിഞ്ഞതാണ് വിത്തുണ്ട. സൂര്യതാപത്തിൽ ഉണങ്ങാതെ ഇത് വിത്തിനെ മുളപ്പിക്കും. മഴക്കാലങ്ങളിൽ തുറസായ സ്ഥലങ്ങളിൽ ഇത് വിതറി മുളപ്പിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണവും സാദ്ധ്യമാകും. ജാപ്പനീസ് പ്രകൃതി കൃഷി പ്രചാരകനായ മസനോബു ഫുകുവോക്കയുടെ ആഗോള തലത്തിൽ പ്രചാരം നേടിയ ആശയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |