പാലക്കാട്: വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠൻ എം പി. പോസ്റ്ററിന്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണമാണെന്നും എം പി പറഞ്ഞു. പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത് നേതാക്കളുടെ അറിവോടെയല്ല. സെൽഫി എടുക്കാൻ മാത്രമാണ് മഴവെള്ളത്തിൽ പോസ്റ്റർ ഒട്ടിച്ചത്. സംഭവം നിർഭാഗ്യകരമാണെന്നും പശ ഉപയോഗിച്ചല്ല ഒട്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആർപിഎഫ് അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടുവരട്ടെ എന്നും എംപി കൂട്ടിച്ചേർത്തു.
സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടി എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ എം പിയുടെ ചിത്രങ്ങൾ ട്രെയിനിലെ ജനലിൽ ഒട്ടിച്ചത്.
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയ വി കെ ശ്രീകണ്ഠന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമായി സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിടുന്നതിന് തൊട്ട് മുമ്പാണ് മഴവെള്ളം കൊണ്ടുനനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവർത്തകർ ചിത്രങ്ങളൊട്ടിച്ചത്. ആര്‍ പി എഫ് ഉടൻ തന്നെ ഇവ നീക്കം ചെയ്തു. ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എം പിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |