
പാലക്കാട്: ലൈംഗിക ആരോപണത്തിനുപിന്നാലെ കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ വീണ്ടും പാർട്ടി പരിപാടിയിൽ പങ്കെടുത്തു. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പ്രഖ്യാപന വേദിയിലാണ് രാഹുൽ മാങ്കൂട്ടത്തിലെത്തിയത്. പാലക്കാട് കണ്ണാടി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രഖ്യാപന വേദിയിലാണ് പങ്കെടുത്തത്. നേരത്തെ കണ്ണാടിയിൽ സ്ഥാനാർത്ഥി നിർണയ ചർച്ചയിൽ രാഹുൽ പങ്കെടുത്തതും വിവാദത്തിലായിരുന്നു. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെ നേതാക്കൾ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഓഗസ്റ്റ് 20നാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണവുമായി യുവനടി രംഗത്തെത്തിയത്. വിവാദം രൂക്ഷമായതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയുടെ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഇതോടെ രാഹുൽ പാർട്ടി യോഗങ്ങളിൽ നിന്ന് മാറിനിൽക്കുമെന്നായിരുന്നു നേതൃത്വം അറിയിച്ചിരുന്നത്. ഇതുവരെ രാഹുലിന്റെ സസ്‌പെൻഷൻ കോൺഗ്രസ് പിൻവലിച്ചിട്ടില്ല. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ രാഹുൽ പങ്കെടുത്തതായുള്ള വിവരങ്ങൾ പുറത്തുവന്നത്. സസ്‌പെൻഷനായി കഴിഞ്ഞാൽ വേറെ പാർട്ടിയാണോയെന്നായിരുന്നു രാഹുൽ പ്രതികരിച്ചിരുന്നത്.
ലൈംഗികാരോപണത്തിന് പിന്നാലെ ദിവസങ്ങളോളം പുറത്തിറങ്ങാതിരുന്ന രാഹുൽ ഇപ്പോൾ മണ്ഡലത്തിൽ നടക്കുന്ന യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ സ്‌മൈൽ ഭവനം എന്ന പദ്ധതിയിൽ നിർമിക്കുന്ന പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ നടി അനുശ്രീ എത്തിയതും ശ്രദ്ധേയമായിരുന്നു. സ്‌മൈൽ ഭവന പദ്ധതിയുടെ ആദ്യത്തെ വീട് ഉദ്ഘാടനം ചെയ്യാൻ നടൻ ആസിഫലിയായിരുന്നു വന്നത്. അതിനുശേഷം നടൻ സൈജു കുറുപ്പും മുഖ്യാതിഥിയായെത്തി. അതുകഴിഞ്ഞ് നടി തൻവി റാം ചടങ്ങിൽ പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |