ആലപ്പുഴ :കഴിഞ്ഞ ആറ് പതിറ്റാണ്ടായി വി.എസിനൊപ്പം കേരളക്കരയാകെ ഉയരുന്ന പേരാണ് പുന്നപ്രയിലെ വേലിക്കകത്ത് വീടിന്റേത്. വി.എസും ഭാര്യ വസുമതിയും ചേർന്നു വാങ്ങിയ വീടിന്റെ പേര് അദ്ദേഹത്തോടൊപ്പം അലിഞ്ഞു ചേരുകയായിരുന്നു.
പുന്നപ്ര 'വെന്തലത്തറയിൽ' എന്നാണ് വി.എസ് ജനിച്ച വീടിന്റെ പേര്. അതാണ്
'വി' എന്ന ഇനീഷ്യൽ. വി.എസിന്റെ ജ്യേഷ്ഠൻ ഗംഗാധരന്റേതായിരുന്നു വേലിക്കകത്ത് വീട്. അദ്ദേഹത്തിന്റെ മരണ ശേഷം വീട് വാടകയ്ക്ക് കൊടുത്തിട്ട് ഭാര്യയും മക്കളും കളർകോട് തൂക്കുകുളത്തിന് സമീപമാണ് താമസിച്ചിരുന്നത്. വീട് വിൽക്കാൻ ആലോചന ഉയർന്നപ്പോൾ ഗംഗാധരന്റെ മകൾ പൊന്നമ്മയാണ് വാടക വീട്ടിൽ കഴിയുന്ന ചിറ്റപ്പൻ വി.എസ്.അച്യുതാനന്ദന് വീട് വിൽക്കണമെന്ന താൽപര്യം പ്രകടിപ്പിച്ചത്. രാഷ്ട്രീയ പ്രവർത്തനവുമായി നടക്കുന്ന, സ്വത്തിനോട് താൽപര്യമില്ലാത്ത വി.എസ് വീട് വാങ്ങാൻ തയാറാകുമെന്ന പ്രതീക്ഷയില്ലായിരുന്നു. കാര്യമറിഞ്ഞതോടെ വസുമതി പോയി വീട് കാണാനായിരുന്നു വി.എസിന്റെ നിർദ്ദേശം. ആലപ്പുഴ മെഡിക്കൽ കോളേജിൽ നഴ്സായിരുന്ന വസുമതിക്ക് വീട് ഇഷ്ടപ്പെട്ടു. പണമായിരുന്നു തടസ്സം. തവണ വ്യവസ്ഥയിൽ തുക നൽകിയാൽ മതിയെന്ന ഉറപ്പിൽ ഗംഗാധരന്റെ ഭാര്യയും മക്കളും 1968ൽ വീട് കൈമാറി. ഇതിനിടെ രണ്ട് തവണ പുതുക്കിപ്പണിതു.
അച്ഛന് തുല്യം സ്നേഹം
തന്ന ചിറ്റപ്പൻ
അച്ഛൻ നഷ്ടപ്പെട്ട തങ്ങൾക്ക് എക്കാലവും ആ കരുതൽ ചിറ്റപ്പൻ നൽകിയിരുന്നതായി ഗംഗാധരന്റെ മക്കളായ ചിദംബരനും പീതാംബരനും ഹേമലതയും പറഞ്ഞു. മറ്റു മക്കളായ രാജേന്ദ്രനും പൊന്നമ്മയും വർഷങ്ങൾക്ക് മുമ്പ് മരിച്ചു. തങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യമെന്നാണ് വി.എസിനെയും വസുമതിയെയും ഇവർ വിശേഷിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളും വിളിച്ചന്വേഷിക്കുന്നതിലും, നടത്തിക്കൊടുക്കുന്നതിലും ഇരുവരും മുൻപന്തിയിലായിരുന്നു. കഴിഞ്ഞ ഓണത്തിനും വസുമതി തനിക്കുള്ള വസ്ത്രങ്ങൾ നാട്ടിലേക്ക് കൊടുത്തയച്ചതായി ചിദംബരൻ പറഞ്ഞു. എന്ത് കാര്യവും വി.എസിന്റെ അനുവാദത്തോടെ ചെയ്യുന്നതായിരുന്നു പതിവ്. വി.എസ് അനാരോഗ്യത്തിലായിരുന്നപ്പോഴും എല്ലാ മാസവും പോയി കാണാൻ ശ്രമിച്ചിരുന്നതായും ചിദംബരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |