കൊച്ചി: വയനാട് ഉരുൾ ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പ്രകൃതി ദുരന്തം നേരിട്ട മറ്രു ചില സംസ്ഥാനങ്ങൾക്ക് ആവശ്യത്തിന് സഹായം നൽകുമ്പോൾ കേരളത്തോട് ചിറ്റമ്മ നയം പറ്റില്ലെന്ന് തറപ്പിച്ച് പറഞ്ഞു. ആരെയാണ് വിഡ്ഢികളാക്കാൻ നോക്കുന്നത്. പൗരന്മാരെ അന്യഗ്രഹ ജീവികളായി കാണാനാകില്ല. ഔദാര്യമല്ല ചോദിക്കുന്നത്. ദുരന്തബാധിതർക്കെതിരായ ജപ്തി വിലക്ക് തുടരുമെന്നും വ്യക്തമാക്കി.
ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളാൻ വ്യവസ്ഥയില്ലെന്നും റിസർവ് ബാങ്കിന്റെയടക്കം അധികാരങ്ങളിൽ ഇടപെടാൻ പരിമിതിയുണ്ടെന്നും കേന്ദ്രം ആവർത്തിച്ചപ്പോഴായിരുന്നു കോടതി ആഞ്ഞടിച്ചത്. വായ്പകൾ നൽകിയ ബാങ്കുകളെ ഹർജിയിൽ കക്ഷി ചേർത്തു. ബാങ്കുകൾ കൃത്യമായ നിലപാടറിയിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.
വായ്പകൾ എഴുതിത്തള്ളുന്നതിൽ വിസമ്മതം അറിയിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി മൃത്യുഞ്ജയ് ത്രിപാഠി സമർപ്പിച്ച സത്യവാങ്മൂലം അസ്വസ്ഥതപ്പെടുത്തുന്നതായി കോടതി പറഞ്ഞു. ഉദ്യോഗസ്ഥരുടെ പരിഹാസമാണിത്. കേന്ദ്രത്തിന്റെ അധികാരമുപയോഗിച്ച് തീരുമാനമെടുക്കാനാണ് നിർദ്ദേശിച്ചിരുന്നത്. നടപടിയെടുക്കാൻ മനസില്ലെന്ന രീതിയിലാണ് മറുപടി. അങ്ങനെയെങ്കിൽ അത് ജനങ്ങളോട് തുറന്നുപറയാൻ ധൈര്യം കാണിക്കണം.
കേന്ദ്രത്തിന് നിർദ്ദേശം നൽകാൻ മുതിരാത്തത് തങ്ങളുടെ മഹാമനസ്കതയാണെന്നും വ്യക്തമാക്കി. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
മറ്റു സംസ്ഥാനങ്ങൾക്ക്
വാരിക്കോരി
അസാമിനും ഗുജറാത്തിനും ഉരുൾപൊട്ടലിന്റെ പേരിൽ 707കോടി അനുവദിച്ചതിന്റെ പത്രവാർത്ത വായിച്ച ഡിവിഷൻബെഞ്ച് കാശില്ലെന്ന് പറഞ്ഞ് ഒഴിയാൻ കേന്ദ്രത്തിനാകില്ലെന്ന് വ്യക്തമാക്കി. ഈ ദുരന്തങ്ങൾ വയനാടിന്റെ അത്ര ഗുരുതരമായിരുന്നില്ല. അഗ്നിരക്ഷാ സംവിധാനങ്ങൾക്ക് മദ്ധ്യപ്രദേശ്, ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങൾക്ക് 903 കോടിയും അനുവദിച്ചിട്ടുണ്ട്.
എഴുതിത്തള്ളേണ്ടത് 21.4 കോടി
1.ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ, കാനറ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, എസ്.ബി.ഐ തുടങ്ങിയവയിൽ ദുരന്ത ബാധിതർക്കുള്ള ബാദ്ധ്യത 11.4 കോടി. കേരള ഗ്രാമീൺ ബാങ്കിൽ 10 കോടി. ഇവയ്ക്ക് നോട്ടീസയച്ചു.
2.ദുരന്തഭൂമിയിൽ റിക്കവറിക്ക് ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്നും അറിയിക്കണം. കേരള ബാങ്ക് 5.81 കോടിയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |