തിരുവനന്തപുരം : സംസ്ഥാനത്ത് പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞതിന് പിഴയായി ഈടാക്കിയത് 38ലക്ഷം രൂപ. ഇതിൽ 54,700 രൂപമാത്രമാണ് വിവരം കൈമാറിയവർക്ക് പാരിതോഷികമായി നൽകിയത്.
വിവരം കൈമാറുന്ന പലരും പാരിതോഷികത്തിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാറില്ല.
പരമാവധി 50,000 രൂപവരെയാണ് പിഴ ചുമത്തുന്നത്. എന്നാൽ വിവരം കൈമാറുന്നവർക്ക് പരമാവധി 2500 രൂപയായിരുന്നു. ഈ സാഹചര്യത്തിൽ വാട്സാപ്പ് നമ്പരിലേക്ക് ചിത്രം സഹിതം വിവരം കൈമാറുന്നതിലും കുറവുണ്ടായി. ഇത് പരിഹരിക്കാനാണ് പിഴത്തുകയുടെ നാലിലൊന്ന് പാരിതോഷികം നൽകാൻ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കിയത്. ഇതോടെ, പരമാവധി പിഴയായ 50,000 രൂപ ചുമത്തുന്ന കേസുകളിൽ 12,500 രൂപ പാരിതോഷികം ലഭിക്കും.
ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ് പിഴയീടാക്കുന്നത്. കുറ്റംചെയ്ത വ്യക്തിയോ സ്ഥാപനമോ പിഴ അടച്ചാലുടൻ, വിവരം കൈമാറിയവരെ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങൾ ചോദിക്കും. യുവജനങ്ങൾ സഹകരിക്കുന്നുണ്ടെങ്കിലും മറ്റുള്ളവർ വിമുഖത കാട്ടുന്നെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
മാലിന്യം വലിച്ചെറിയുന്നതും, പൊതുസ്ഥലത്തെ മലിന്യ നിക്ഷേപം സംബന്ധിച്ചുമുള്ള 8774 പരാതികളാണ് ഇതുവരെ വാട്ട്സാപ്പ് വഴി ലഭിച്ചത്. ഏറ്റവുമധികം പരാതികൾ എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ്. കുറവ് വയനാട്.
വിവരം കൈമാറാം;
9446700800ൽ
വാട്സാപ്പ് നമ്പരായ 9446700800ൽ ചിത്രം സഹിതം വിവരം കൈമാറാം. നിക്ഷേപിക്കുന്ന വ്യക്തിയെയോ വാഹനത്തെയോ ചിത്രത്തിൽ തിരിച്ചറിയാനാകണം. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. വിവരം കൈമാറുന്നവരുടെ പേര് പരസ്യപ്പെടുത്തില്ല.
മാലിന്യം വലിച്ചെറിയൽ ,കത്തിക്കൽ.............5,000വരെ
പൊതുസ്ഥലത്തേക്കോ ജലാശയങ്ങളിലേക്കോ മലിനജലം ഒഴുക്കിയാൽ...............10,000 - 50,000
മാലിന്യമോ വിസർജ്യ വസ്തുക്കളോ ജലാശയങ്ങളിൽ നിക്ഷേപിച്ചാൽ.................
10,000 - 50,000 (ആറുമാസം മുതൽ ഒരു വർഷം വരെ തടവ്)
നിരോധിത പ്ലാസ്റ്റിക് വില്പന......................10,000 - 50,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |