തിരുവനന്തപുരം : സമഭാവനയോടെ ഇടപെട്ടിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എതിർ രാഷ്ട്രീയ ചേരിയിലുള്ളവർക്കും സ്വീകാര്യനായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യങ്കാളി ഹാളിൽ നടന്ന സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറിക്ക് കൊള്ളുന്ന വാക്കുകളായിരുന്നു അദ്ദേഹത്തിന്റേത്. എന്നാൽ അതിന്റെ പേരിൽ പിന്നീടൊരാളും അദ്ദേഹത്തോട് അപ്രിയം കാണിച്ചിരുന്നില്ല. കേരളത്തിലെ സി.പി.എമ്മിന്റെ ഈ കാലയളവിലെ വളർച്ചയ്ക്ക് യെച്ചൂരി നേതൃപരമായ വലിയ പങ്കാണ് വഹിച്ചത്. ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനങ്ങൾക്ക് അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മുതിർന്ന സി.പി.എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സ്വാഗതം പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് വിപ്പ് എൻ.ജയരാജ്, പി.സി.വിഷ്ണുനാഥ് എം.എൽ.എ, പി.എം.എ സലാം, പി.സി.ചാക്കോ, മാത്യൂ.ടി.തോമസ്, മോൻസ് ജോസഫ്, കാസിം ഇരിക്കൂർ, കെ.എസ്.സുനിൽകുമാർ, ബിനോയ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
മൗനാചരണം
ഒഴിവാക്കി
സാധാരണ അനുസ്മരണ യോഗങ്ങൾക്ക് മുന്നോടിയായി ഒരു മിനിട്ട് മൗനം ആചരിക്കാറുണ്ട്. എന്നാൽ ഇന്നലെ അതുണ്ടായില്ല. പരിപാടി നിശ്ചയിച്ചിരുന്ന വൈകിട്ട് നാലിന് തന്നെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ എത്തി. എന്നാൽ പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് പിന്നാലെയുള്ള വാർത്താസമ്മേളനം നീണ്ടു പോയതിനാൽ എം.വി.ഗോവിന്ദൻ എത്താൻ വൈകി. മുഖ്യമന്ത്രിയുൾപ്പെടെ കാത്തിരുന്നു. പാർട്ടി സെക്രട്ടറി വേദിയിലേക്ക് ഓടിയെത്തിയതോടെ തിടുക്കത്തിൽ പരിപാടി ആരംഭിച്ചപ്പോൾ വിട്ടുപോയതെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |