
തിരുവനന്തപുരം: കേരളത്തിലെ പുതുതലമുറയ്ക്ക് അപചയമുണ്ടായെന്നും സർക്കാർ നടപടിയെടുക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. ചെറുപ്പക്കാർ അരക്ഷിതരാണ്. സ്റ്റാർട്ടപ്പുകൾകൊണ്ട് പുതുതലമുറയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കില്ല. വാഗ്ദാനം നൽകിയാൽ മാത്രം പോരാ. അത് നടപ്പാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് ജി കാർത്തികേയൻ അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെറുപ്പക്കാർക്ക് പറ്റിയ അപചയങ്ങളെ കുറിച്ചുള്ള ചർച്ചകൾ മാത്രമാണ് നടക്കുന്നത്. കേരളത്തിലെ ചെറുപ്പക്കാർ ഇപ്പോൾ അരക്ഷിതാവസ്ഥയിലാണ്. തൊഴിൽ, വരുമാനക്കുറവ് പ്രശ്നങ്ങൾ സ്റ്റാർട്ടപ്പ് കൊണ്ട് മാത്രം പരിഹരിക്കാൻ സാധിക്കില്ല. സംസ്ഥാനത്തെ യുവാക്കൾ പൊട്ടിത്തെറിക്കാൻ പോകുന്ന അഗ്നിപർവ്വതം പോലെയാണ്'- എകെ ആന്റണി പറഞ്ഞു.
സ്വന്തം പാർട്ടി മാത്രം മതിയെന്ന നിലപാട് മാറ്റി സർക്കാർ ഉണർന്നില്ലെങ്കിൽ വലിയ അപകടത്തിലേക്ക് പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചെറുപ്പക്കാർക്ക് വരുമാനം വർദ്ധിപ്പിക്കാൻ സർക്കാരിന് ഒരു പദ്ധതിയുമില്ല. സർക്കാർ കണ്ണുതുറക്കണം. വാഗ്ദാനം നൽകി യുവാക്കളെ കബളിപ്പിച്ചാൽ വലിയ അപകടത്തിലേക്ക് പോകും. യുവാക്കൾക്ക് ജോലിയുണ്ടെങ്കിലും ആവശ്യത്തിന് വരുമാനം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |