കൊച്ചി: സ്‌കൂളുകളിലെ സൂംബ നൃത്ത പരിശീലനത്തെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഈ വിഷയം വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ലെന്നും ഇഷ്ടമുള്ളവര്‍ ചെയ്യട്ടേയെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഇതുപോലെയുള്ള വിഷയങ്ങള്‍ വിവാദമായി മാറുകയും ആരെങ്കിലും പരാതി പറയുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാര്‍ അവരുമായി ചര്‍ച്ച ചെയ്ത് അത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
'ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ല. ഇഷ്ടമുള്ളവര്‍ ചെയ്യട്ടെ. ഇഷ്ടമില്ലാത്തവര്‍ ചെയ്യണ്ട. വ്യത്യസ്തമായ വേഷവിധാനങ്ങളും ഭാഷയുമൊക്കെയുള്ള രാജ്യമാണ് ഇന്ത്യ. ആ വ്യത്യസ്തതകളാണ് രാജ്യത്തിന്റെ മനോഹാരിത'. സതീശന്‍ കൂട്ടിച്ചേര്‍ത്തു. സൂംബ വിഷയം വിവാദമാക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പങ്കുവച്ചത്. സൂംബ സാര്‍വദേശീയമായി നടക്കുന്ന ഒരു വ്യായാമ മുറയാണെന്നും അതില്‍ വിവാദത്തിലേക്ക് പോകേണ്ടതില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്.
സൂംബയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള എതിര്‍പ്പുകള്‍ ഭൂരിപക്ഷ വര്‍ഗീയതക്ക് വളംവെക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. സൂംബയില്‍ അല്‍പവസ്ത്രം ധരിക്കാന്‍ ആരും പറഞ്ഞിട്ടില്ല. വ്യായാമം കുട്ടികള്‍ക്ക് ശാരീരികമായ ഗുണങ്ങള്‍ക്കൊപ്പം മാനസികമായ ഉല്ലാസവും നല്‍കും. കേരളത്തിലെ 14,000 സ്‌കൂളുകളില്‍ 90 ശതമാനത്തിലും സൂംബ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സൂംബയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നീക്കാന്‍ തയാറാണ്. സ്‌കൂള്‍ യൂനിഫോമിലാണ് സൂംബ നടക്കുന്നത്. ഇതിനെതിരെ ഉയരുന്ന എതിര്‍പ്പുകള്‍ ലഹരിയേക്കാള്‍ മാരകമാണ്. ആടിനെ പട്ടിയാക്കുന്ന നിലപാടാണ് മതസംഘടനകള്‍ സ്വീകരിക്കുന്നത്. കുട്ടികള്‍ സൂംബയില്‍ പങ്കെടുക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |