തിരുവനന്തപുരം: ഫോട്ടോ ഫിനിഷ് പോരാട്ടത്തിനൊടുവിൽ തൃശൂർ കലോത്സവ കപ്പുയർത്തിയപ്പോൾ അവസാവിച്ചത് കാൽ നൂറ്റാണ്ടത്തെ കാത്തിരിപ്പ്. 1969ലാണ് തൃശൂർ ആദ്യമായി കപ്പടിച്ചത്. 1970ൽ നിലനിറുത്തി. പിന്നീട് 94ലും, 96ലും, 99ലും നേട്ടം ആവർത്തിച്ചു. 1999ലെ കൊല്ലം കലോത്സവത്തിലാണ് അവസാനം ജയിച്ചത്. തുടർന്ന് പലതവണ കപ്പിനും ചുണ്ടിനുമിടയിൽ ജേതാവിന്റെ പട്ടം പലതവണ തൃശൂരിന് നഷ്ടമായി.
ഇത്തവ അവസാന നിമിഷം വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് പത്മനാഭന്റെ മണ്ണിൽ ഒരു പോയിന്റിന്റെ വിത്യാസത്തിൽ ശക്തന്റെ നാട് കപ്പുയർത്തിയത്. തൃശൂരിന് 1008 പോയിന്റ്, പാലക്കാടിന് 1007.
ആദ്യ ദിനങ്ങളിൽ ആദ്യ അഞ്ചിലും പിന്നീട് ഇടയ്ക്ക് മൂന്നാം സ്ഥാനത്തുമൊക്കെ എത്തിയപ്പോൾ കനക കിരീടം തൃശൂർ സ്വപ്‌നം കണ്ട് തുടങ്ങിയിരുന്നു. എന്നാൽ ഇംഗ്ലീഷ് രചനാ മത്സരങ്ങളിലുൾപ്പടെ എ ഗ്രേഡ് നഷ്ടപ്പെട്ട് പോയിന്റ് കുറയുകയും അപ്പീലോടെത്തിയവർക്ക് എ ഗ്രേഡിലേക്കെത്താൻ കഴിയാത്തതുമെല്ലാം ആ പ്രതീക്ഷകളുടെ താളം തെറ്റി. അവിടെ നിന്നാണ് അവസാന ദിവസത്തിലെ മിന്നും പോരാട്ടത്തോടെ തൃശൂർ കപ്പിലേക്ക് കൊട്ടിക്കയറിയത്.
ഇന്നലെ ഒമ്പത് എ ഗ്രേഡ്
അവസാനദിനം പത്തിൽ ഒമ്പത് ഇനങ്ങളിലും സ്‌കൂൾ എ ഗ്രേഡ് നേടി. ഇംഗ്ലീഷ് സ്‌കിറ്റിൽ മാത്രമാണ് ഇന്നലത്തെ ദിവസം ടീം ബി ഗ്രേഡിലേക്ക് പോയത്. പതിവ് ലിസ്റ്റിലില്ലാത്ത ട്രിപ്പിൾ ജാസിൽ വരെ എ ഗ്രേഡ്. ഡിസംബർ 15 മുതലുള്ള കഠിനമായ പരിശീലനങ്ങളും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും ജനപ്രതിനിധികളുടെയുമെല്ലാം കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ടീം കപ്പിലേക്ക് കുതിച്ചത്.
730 വിജയിളും 120ലേറെ അപ്പീൽ താരങ്ങളുമുൾപ്പെടെ വൻപടയാണ് തൃശൂരിനായി മാറ്റുരച്ചത്. ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ കേരള നടനത്തിലൊഴികെ മറ്റ് 248 ഇനങ്ങളിലും തൃശൂർ മത്സരിച്ചു. ഇംഗ്ലീഷ് സ്‌കിറ്റിൽ എ ഗ്രേഡ് നഷ്‌ടമായത് ഞെട്ടിച്ചുവെന്നും 1030 പോയിന്റാണ് കണക്ക് കൂട്ടിയതെന്നും ടീം മാനേജർ ബിനോയ് ടി. മേനോൻ കേരളകൗമുദിയോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |