
കാസർകോട്: രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുന്ന 'വാസ്‌കുലൈറ്റിസ്' എന്ന ഗുരുതരമായ രോഗം ബാധിച്ചതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിൽ വിദ്യാഭ്യാസമന്ത്രിയുടെ പ്രത്യേക അനുമതിയോടെ ഹൈസ്കൂൾ വിഭാഗം അറബിക് പോസ്റ്റർ ഡിസൈനിംഗിൽ ഓൺലൈനായി മത്സരിച്ച സിയ ഫാത്തിമയ്ക്ക് പത്തരമാറ്റുള്ള എ ഗ്രേഡ്.
മത്സരത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ വളരെ സന്തോഷമുണ്ടെന്ന് സിയ പറഞ്ഞു. അതിന് പ്രത്യേകം ഉത്തരവ് നൽകിയ വിദ്യാഭ്യാസ മന്ത്രിയോട് സിയ നന്ദി അറിയിച്ചു.തൃശ്ശൂർ സി.എം.എസ്.എച്ച്.എസ്.എസിലെ വേദി പതിനേഴിൽ നടന്ന മത്സരത്തിൽ കൈറ്റിന്റെ സഹായത്തോടെയാണ് സിയ പടന്നയിലെ വീട്ടിൽ നിന്ന് പങ്കെടുത്തത്. വിധികർത്താക്കൾ തത്സമയം സിയയുടെ പ്രകടനം നിരീക്ഷിച്ചാണ് എ ഗ്രേഡ് നൽകിയത്.
പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ സിയയെ യാത്ര ജീവന് തന്നെ ഭീഷണിയായേക്കുമെന്ന ഡോക്ടർമാരുടെ മുന്നറിയിപ്പ് ഏറെ തളർത്തിയിരുന്നു.കലോത്സവത്തിൽ പങ്കെടുക്കുന്നത് സ്വപ്നം കണ്ട പെൺകുട്ടി വിദ്യാഭ്യാസ മന്ത്രിയ്ക്ക് അപേക്ഷ നൽകിയതോടെയാണ് ഓൺലൈനായി പങ്കെടുക്കാനുള്ള അവസരം ഒരുങ്ങിയത്. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചാണ് സിയയെ മത്സരിപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |