തിരുവനന്തപുരം: കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ശിവനന്ദ മനോജിന് ആർട്ട്‌സിൽ മാത്രമല്ല സ്‌പോർട്സിലുമുണ്ട് പ്രാവീണ്യം. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തിരുവാതിര മത്സരത്തിൽ പങ്കെടുക്കാനായിട്ടാണ് ശിവനന്ദ കാസർകോട് നിന്ന് തലസ്ഥാനത്തേക്ക് വണ്ടി കയറിയത്.
ആദ്യമായാണ് താൻ കലാരംഗത്ത് നിന്ന് സംസ്ഥാന തലത്തിലെത്തുന്നതെന്ന സന്തോഷം ശിവനന്ദ പങ്കുവച്ചു. കഴിഞ്ഞ വർഷം തിരുവാതിര മത്സരത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ അന്ന് ജില്ലാതലം വരെയേ എത്താൻ സാധിച്ചിരുന്നുള്ളൂ. ഇത്തവണ സംസ്ഥാനതലത്തിൽ മത്സരിക്കാൻ കഴിഞ്ഞതിൽ ശിവനന്ദയ്ക്ക് ഏറെ സന്തോഷവുമുണ്ട്. എ ഗ്രേഡ് കിട്ടുമെന്ന പ്രതീക്ഷയും പെൺകുട്ടി കേരള കൗമുദിയോട് പങ്കുവച്ചു.
'ഞാൻ ബോക്സിംഗ് പഠിക്കുന്നുണ്ട്. നാല് വർഷം സംസ്ഥാന തലത്തിൽ മത്സരിച്ചു. അതിൽ മൂന്ന് വർഷം വെങ്കലം നേടാൻ സാധിച്ചു. കൂടാതെ ഞാൻ ഭരതനാട്യം അരങ്ങേറ്റം കഴിഞ്ഞതാണ്. അച്ഛൻ മനോജിന്റെയും അമ്മ നിഷയുടെയും പൂർണ പിന്തുണ കൊണ്ട് മാത്രമാണ് കലാമേഖലയും കായിക മേഖലയും ഒന്നിച്ചുകൊണ്ടുപോകാൻ എനിക്ക് സാധിക്കുന്നത്.'- ശിവനന്ദ മനോജ് വ്യക്തമാക്കി. എൻ ഡി എ പരീക്ഷയെഴുതണം, അത് കിട്ടിയാൽ എയർഫോഴ്സിൽ പോകാനാണ് തന്റെ ആഗ്രഹമെന്നും ഈ മിടുക്കി പറയുന്നു. അതോടൊപ്പം തന്നെ കലാമേഖലയേയും ചേർത്തുപിടിക്കാനാണ് ശിവനന്ദയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |