തിരുവനന്തപുരം: 26 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ സ്വർണക്കപ്പിൽ തൃശൂരിന്റെ തിടമ്പേറ്റം. കഴിഞ്ഞ ദിവസം മുന്നിലുണ്ടായിരുന്ന കണ്ണൂർ, കോഴിക്കോട്, പാലക്കാട് ജില്ലകളെ ഞെട്ടിച്ചാണ് തൃശൂരിന്റെ നേട്ടം. അവസാന നിമിഷം വരെ വെല്ലുവിളിയുയർത്തിയ പാലക്കാടാണ് തൊട്ടുപിന്നിൽ.
തൃശൂർ 1008, പാലക്കാട് 1007, കണ്ണൂർ 1003 എന്നിങ്ങനെയാണ് ആദ്യ മൂന്ന് ജില്ലകൾ നേടിയ പോയിന്റ്. ഹയർ സെക്കൻഡറി വിഭാഗത്തിൽ പാലക്കാടും തൃശൂരും 482 പോയിന്റു വീതം നേടി ഒപ്പത്തിനൊപ്പമെത്തി. ഹയർ സെക്കൻഡറി വിഭാഗത്തിൽ പാലക്കാടിനേക്കാൾ ഒരു പോയിന്റ് കൂടുതൽ നേടിയാണ് തൃശൂർ വിജയം ഉറപ്പാക്കിയത് (526). 1999ലെ കൊല്ലം കലോത്സവത്തിലാണ് അവസാനമായി തൃശൂർ കപ്പടിച്ചത്. തൃശൂരിന്റെ ആറാം കിരീടമാണിത്. ഇന്നലെ സെൻട്രൽ സ്റ്റേഡിയത്തിലെ ആഘോഷ വേദിയിൽ മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് തൃശൂരിന്റെ മക്കൾ സ്വർണക്കപ്പ് സ്വീകരിച്ചു. സ്വർണക്കപ്പിന്റെ ശില്പി ചിറിയിൻകീഴ് ശ്രീകണ്ഠൻ നായർ സാക്ഷിയായി.
ആലത്തൂർ ഗുരുകുലം ഒന്നാമത്
സ്‌കൂളുകളിൽ 171 പോയിന്റുമായി ആലത്തൂർ ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതെത്തി. വഴുതക്കാട് കാർമ്മൽ ഹയർ സെക്കൻഡറി സ്‌കൂൾ 116 പോയിന്റോടെ രണ്ടാമതും, മാനന്തവാടി എം.ജി.എം.എച്ച്.എസ്.എസ് 106 പോയിന്റുമായി മൂന്നാമതുമെത്തി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിൽ കാസർകോട്, മലപ്പുറം ജില്ലകൾ 95 പോയിന്റ് വീതം നേടി ഒന്നാംസ്ഥാനം പങ്കിട്ടു. അറബിക് കലോത്സവത്തിൽ 95 പോയിന്റ് വീതം നേടിയ എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളാണ് ഒന്നാമത്.
ചലച്ചിത്ര താരങ്ങളായ ആസിഫ് അലിയും ടൊവിനോ തോമസും സമാപന സമ്മേളനത്തിൽ മുഖ്യാതിഥികളായി. മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷനായി. സ്പീക്കർ എ.എൻ.ഷംസീർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, പി.എ.മുഹമ്മദ് റിയാസ്, പി.പ്രസാദ്, ഒ.ആർ.കേളു, ഡോ. ആർ.ബിന്ദു, എ.എ.റഹിം എം.പി, എം.എൽ.എമാരായ ആന്റണി രാജു, കെ.ആൻസലൻ, സി.കെ.ഹരീന്ദ്രൻ, വി.ജോയ്, വി.കെ.പ്രശാന്ത്, ഒ.എസ്.അംബിക, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, അഡിഷണൽ ഡയറക്ടർ ആർ.എസ്.ഷിബു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |