തിരുവനന്തപുരം: 2023ലെ കോഴിക്കോട് കലോത്സവത്തിനിടെ അപ്രതീക്ഷിതമായി പോയ വൈദ്യുതിയാണ് അഭിഷേകിന്റെയും കൃഷ്ണജിത്തിന്റെയും സൗഹൃദത്തിന്റെ തെളിച്ചമായത്. ഇന്നലെ തിരുവനന്തപുരത്ത് അവർ വീണ്ടും കണ്ടുമുട്ടിയപ്പോൾ പറയാൻ വിശേഷങ്ങളേറെയുണ്ടായിരുന്നു. ഒന്നാം വേദിയിൽ നാടോടി നൃത്തമാടിയ ശേഷമാണ് പോയകാല സന്തോഷ സങ്കടങ്ങൾ പങ്കുവച്ചു. വീട്ടുകാരും ഒപ്പം കൂടി.
പത്തനംതിട്ട പുത്തൻപുരയ്ക്കൽ പടിഞ്ഞാറേവീട്ടിൽ കൃഷ്ണജിത്ത് കോഴിക്കോട്ടെ കലോത്സവ വേദിയിൽ നാടോടി നൃത്തം കഴിഞ്ഞിറങ്ങുമ്പോൾ വൈദ്യുതി പോയിരുന്നു. ഈസമയം വേദിയിൽ വീഴാൻ പോയ കൃഷ്ണജിത്തിനെ ചേർത്തു പിടിച്ചത് അടുത്ത മത്സരാർത്ഥിയായ തൃശൂർ പാവരട്ടി മെയപ്പുറത്ത് ഹൗസിൽ അഭിഷേക് അനിൽകുമാറായിരുന്നു. അത് ഉലയാത്ത സൗഹൃദത്തിനും വഴിതുറന്നു.
കൃഷ്ണജിത്തിന്റെ അച്ഛൻ ബിജുകുമാർ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മെക്കാനിക്കാണ്. അഭിഷേകിന്റെ അച്ഛൻ അനിൽകുമാർ പാവരട്ടിയിൽ വർക്ക് ഷോപ്പിലെ മെക്കാനിക്കും. ഇരുവരും തമ്മിൽ തൊഴിൽപരമായ ഇഴയടുപ്പവുമുണ്ടായി. തുടർന്ന് അഭിഷേകിന്റെ അമ്മ ലിഷയും കൃഷ്ണജിത്തിന്റെ അമ്മ സുജയും സൗഹൃദക്കണ്ണികളായി. കൊല്ലത്ത് നടന്ന കലോത്സവത്തിലും ഇരു കുടുംബവും സംഗമിച്ചു. ഇടയ്‌ക്ക് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനും പോയി.
ഇരുവർക്കും എ ഗ്രേഡ് തിളക്കം
ഹയർ സെക്കറഡറി വിഭാഗം നാടോടി നൃത്തത്തിലാണ് കൃഷ്ണജിത്തും അഭിഷേകും ഇത്തവണ പങ്കെടുത്തത്. പത്തനംതിട്ട കുളനട ജി.പി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ ബി. കൃഷ്ണജിത്ത് 'മണവാളൻപാറ, മണവാട്ടിപ്പാറ" കഥയാണ് നൃത്തമാക്കിയത്. തൃശൂർ പാവരട്ടി സെന്റ് ജോസഫ് എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയായ അഭിഷേക് 'ഹരിശ്ചന്ദ്ര" കഥയും നൃത്തമാക്കി. ഇരുവർക്കും എ ഗ്രേഡും ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |