
തിരുവനന്തപുരം: മൂന്നുമുന്നണികളെയും അപരന്മാരെയും തറപറ്റിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർത്ഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു. 373 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയം എന്നാണ് റിപ്പോർട്ട്. പാറ്റൂർ രാധാകൃഷ്ണൻ 1215 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 842 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 702 വോട്ടും ലഭിച്ചപ്പോൾ ബിജെപിക്ക് 514 വോട്ടുകൾ നേടിയെന്നാണ് റിപ്പോർട്ട്. ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് കരുതിയെങ്കിലും പാറ്റൂർ രാധാകൃഷ്ണന്റെ നാല് അപരന്മാർക്ക് 65 വോട്ടുകൾ മാത്രമാണ് നേടാനായത്. തിരുവനന്തപുരം പ്രസ് ക്ലബിലെ മുൻ ഭാരവാഹി കൂടിയാണ് പാറ്റൂർ രാധാകൃഷ്ണൻ.
അതിനിടെ, സംസ്ഥാനമാകെ ഉറ്റുനോക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിൽ യുഡിഎഫ് അട്ടിമറി ജയം നേടി. യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് 397 വോട്ടിനാണ് വിജയിച്ചത്. 1607 വോട്ടാണ് വൈഷ്ണ നേടിയത്. ഇടതുകോട്ടയായ മുട്ടടയിൽ വൈഷ്ണ സുരേഷ് സ്ഥാനാർത്ഥിയായതിന് പിന്നാലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തിരുന്നു. സിപിഎമ്മും മേയർ ആര്യാ രാജേന്ദ്രനും ഇടപെട്ട് പേര് വെട്ടിയെന്ന ആക്ഷേപം ശക്തമായിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയാണ് വൈഷ്ണ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. തിരുവനന്തപുരത്ത് കാലങ്ങളായി ഇടതിന്റെ കൈവശമുള്ള മുട്ടട സീറ്റ് നഷ്ടപ്പെട്ടതോടെ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ മുന്നേറുകളാണ്. 27സീറ്റുകളിലാണ് അവർ ലീഡുചെയ്യുന്നത്. 16 സീറ്റുകളിലാണ് എൽഡിഎഫ് ലീഡുചെയ്യുന്നത്. കഴിഞ്ഞതവണത്തെക്കാൾ യുഡിഎഫ് നില മെച്ചപ്പെടുത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. 10 സീറ്റുകളിലാണ് യുഡിഎഫ് ലീഡുചെയ്യുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |