SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

സഞ്ജുവിന് ഇത് ലാസ്റ്റ് ചാൻസ്; 'ഇഷാൻ കിഷൻ പുറത്തുണ്ട്, ഓർക്കുന്നത് നല്ലത്', തുറന്നടിച്ച് സഹതാരം

Increase Font Size Decrease Font Size Print Page

sanju-samson

മുംബയ്: ഫോം കണ്ടെത്താനാകാതെ ഉഴലുന്ന മലയാളി താരം സഞ്ജു സാംസണ് കരിയറിലെ തന്നെ ഏറ്റവും വലിയ മുന്നറിയിപ്പുമായി ഉറ്റ സുഹൃത്തും സഹതാരവുമായ യുസ്‌വേന്ദ്ര ചെഹൽ. ട്വന്റി-20 ലോകകപ്പിന് തൊട്ടുമുൻപ് ലഭിച്ച സുവർണാവസരങ്ങൾ സഞ്ജു പാഴാക്കുമ്പോൾ ഉത്തരവാദിത്ത്വം അദ്ദേഹം തന്നെ സ്വയം ഏറ്റെടുക്കണമെന്നും ചെഹൽ തുറന്നടിച്ചു.


പത്തുവർഷത്തിലേറെ ആഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമായ സഞ്ജുവിനെപ്പോലൊരു താരത്തിന് സമ്മർദ്ദത്തിന്റെ പേരിൽ മോശം പ്രകടനങ്ങളെ ന്യായീകരിക്കാനാവില്ലെന്നും ചെഹൽ ഓർമ്മിപ്പിച്ചു. ഒരു ചർച്ചയ്ക്കിടെയായിരുന്നു ചെഹലിന്റെ വിമർശനം.

'സഞ്ജു എത്രയോ വർഷമായി ഐപിഎല്ലിലും ഇന്ത്യക്കായും കളിക്കുന്നു. സമ്മർദ്ദം എന്ന വാക്കിന് പിന്നിൽ ഒളിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഒരു പരമ്പരയിൽ നാല് അവസരങ്ങൾ ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. ഒന്നോ രണ്ടോ കളികളിൽ പരാജയപ്പെടുന്നത് സ്വാഭാവികമാണ്, എന്നാൽ ഇത് അതിനും അപ്പുറമാണ്.' ചെഹൽ പറഞ്ഞു.

ന്യൂസീലൻഡിനെതിരായ പരമ്പരയിൽ ഇതുവരെയുള്ള സഞ്ജുവിന്റെ പ്രകടനം നിരാശയാണ് നൽകുന്നത്. ട്വന്റി-20 ലോകകപ്പിലും അതിന് മുമ്പ് ന്യൂസിലൻഡിന് എതിരായ അഞ്ച് ട്വന്റി-20കളുടെ പരമ്പരയിലും ഏകദിന,ടെസ്റ്റ് നായകൻ ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കിയാണ് സഞ്ജുവിന് അവസരം നൽകിയത്. എന്നാൽ കിവീസിനെതിരെ ഇതുവരെ നടന്ന നാലുമത്സരങ്ങളിലും തന്റെ പ്രതിഭയ്ക്ക്ഒത്ത പ്രകടനം പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിട്ടില്ല.


ആദ്യ മത്സരത്തിൽ 10 റൺസ് നേടിയ സഞ്ജുവിന് രണ്ടാം മത്സരത്തിൽ ആറും മൂന്നാം മത്സരത്തിൽ സംപൂജ്യനുമായാണ് പുറത്തായത്. ആദ്യകളിയിൽ പേസർ കൈൽ ജാമീസൺ പുറത്താക്കിയപ്പോൾ മറ്റ് രണ്ട് മത്സങ്ങളിലും മാറ്റ് ഹെന്റിയാണ് വിക്കറ്റെടുത്തത്. വിശാഖപട്ടണത്ത് നടന്ന നാലാം മത്സരത്തിൽ 15 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്‌‌സുമടക്കം 24 റൺസ് നേടിയെങ്കിലും സ്പിന്നർ മിച്ചൽ സാന്റ്നറുടെ പന്തിൽ കുറ്റിതെറിച്ചു. താരം ഔട്ടായരീതിയെക്കുറിച്ച് സുനിൽ ഗാവസ്‌കറടക്കമുള്ളവരിൽ നിന്ന് വിമർശനങ്ങളും കേൾക്കേണ്ടിവന്നു.

sanju-samson

അതേസമയം, സഞ്ജുവിന്റെ മോശം ഫോമിനൊപ്പം ഇഷാൻ കിഷന്റെ തകർപ്പൻ ഫോമും സഞ്ജുവിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് മുകളിൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്. പരിക്കിനെത്തുടർന്ന് നാലാം മത്സരത്തിൽ ഇഷാൻ കളിച്ചിരുന്നില്ല. എന്നാൽ നാളെ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ ഇഷാൻ തിരിച്ചെത്തിയാൽ സഞ്ജുവിന് ടീമിൽ സ്ഥാനം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്.

സ്വയം തിരുത്താൻ സഞ്ജുവിന് സമയമില്ലെന്നും, ഇഷാൻ കിഷൻ തിരിച്ചെത്താൻ സജ്ജനായി നിൽക്കുന്നുണ്ടെന്നും ചെഹൽ ഓർമ്മിപ്പിക്കുന്നു. സ്വന്തം നാട്ടിൽ നടക്കുന്ന അഞ്ചാം ട്വന്റി-20 സഞ്ജുവിന്റെ കരിയറിലെ തന്നെ ഏറ്റവും നിർണായകമായ മത്സരമായി മാറും.

TAGS: NEWS 360, SPORTS, SANJU SAMSON, LATESTNEWS, CHAHAL, TRIVANDRUM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY