SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.30 PM IST

അടൂർ പ്രകാശിനെ എസ്.ഐ.ടി ചോദ്യംചെയ്തു: ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്ന് മൊഴി

Increase Font Size Decrease Font Size Print Page
adoor-prakash

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് രണ്ടര മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യൽ. ഉച്ചയോടെ വിട്ടയച്ചു.

ഉണ്ണികൃഷ്ണൻ പോറ്റിയെ തന്റെ മണ്ഡലത്തിലെ വോട്ടറെന്ന നിലയിൽ പരിചയമുണ്ടെന്ന് അടൂർ പ്രകാശ് മൊഴി നൽകി. എന്നാൽ സാമ്പത്തിക ഇടപാടുകളോ മറ്റു ബന്ധങ്ങളോ ഇല്ല. ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ സമ്മാനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അതു ഈന്തപ്പഴമാണെന്നായിരുന്നു മറുപടി. പോറ്റിയും അടൂർ പ്രകാശും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടോ എന്നാണ് എസ്.ഐ.ടി പ്രധാനമായും അന്വേഷിക്കുന്നത്.

എസ്.പി എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അടൂർ പ്രകാശിനെ ചോദ്യം ചെയ്‌തത്. ഇന്നലെ രാവിലെ മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയേയും ചോദ്യം ചെയ്തിരുന്നു. ഒരേ ചോദ്യം ഇരുവരോടും ചോദിച്ച് ഉത്തരം തേടി.

പോറ്റി തന്റെ ഉന്നതരാഷ്ട്രീയ ബന്ധങ്ങൾ സ്വർണക്കൊള്ളക്കായി ഉപയോഗിച്ചെന്നാണ് എസ്.ഐ.ടിയുടെ വിലയിരുത്തൽ. ഇസ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായുള്ള ബന്ധത്തിലും ചോദ്യമുണ്ടായെന്നാണ് സൂചന. എന്നാൽ ഇവരെ പരിചയമില്ലെന്നാണ് അടൂർ പ്രകാശ് വ്യക്തമാക്കിയത്. സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അനുമതി വാങ്ങി നൽകിയതിലുള്ള പങ്കും എസ്.ഐ.ടി ചോദിച്ചു. എന്നാൽ പോറ്റി അനുമതി വാങ്ങിയ ശേഷം തന്നോട് വിവരം പറഞ്ഞെന്നും, ആവശ്യപ്പെട്ടതനുസരിച്ച് കൂടെ പോകുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ചോദിച്ചില്ല. പോറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചു. എന്നേയും പോറ്റിയേയും ഒരുമിച്ചിരുത്തിയല്ല ചോദ്യം ചെയ്തത്. - അടൂർ പ്രകാശ്

TAGS: ADOOR PRAKASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY