കൊച്ചി: റബർ വില 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്ന തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ളാനിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് എറണാകുളം അതിരൂപതയുടെ പ്രസിദ്ധീകരണമായ 'സത്യദീപം". കർഷകരുടെ ആത്മാഭിമാനം പണയം വയ്ക്കുന്ന പ്രസ്താവന പിൻവലിക്കാൻ ബിഷപ്പ് തയ്യാറാകാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് സത്യദീപം മുഖപ്രസംഗത്തിൽ പറയുന്നു.
കർഷകരെന്നാൽ റബർ കർഷകർ മാത്രമാണെന്നും, വില മുന്നൂറിലെത്തിയാൽ സകല പ്രശ്‌നങ്ങളും തീരുമെന്നുമുള്ള വ്യാഖ്യാനം കാർഷിക പ്രശ്‌നങ്ങളെ അപകടകരമായി ലഘൂകരിച്ചു. ഇറക്കുമതിയുടെ ഉദാരനയങ്ങൾ കർഷകർക്ക് ദുരിതമാകുമ്പോൾ, ഒമ്പതു വർഷമായി അതിനെതിരെ യാതൊന്നും ചെയ്യാത്ത കേന്ദ്ര സർക്കാരിന് നേതൃത്വം നൽകുന്ന ബി.ജെ.പിക്ക് എം.പിയെ നൽകുമെന്ന് പറയുന്നത് ബാലിശമാണ്. ബഫർസോൺ, വന്യമൃഗ ശല്യം, താങ്ങുവില തുടങ്ങിയ അവഗണനകൾ റബർ രാഷ്ട്രീയം കളിച്ച് പരിഹരിക്കാമെന്ന ധാരണ ശരിയല്ല. കെ.സി.ബി.സിയും മെത്രാൻ സിനഡും പ്രസ്താവന തിരുത്താൻ തയ്യാറാകണം.
ഇടതു വലതു സർക്കാരുകളുടെ അവഗണനകളുടെ ചരിത്രം കൂടിയാണ് കേരളത്തിലെ കാർഷിക ദുരന്തം. അതിന് കർഷക വിരുദ്ധത അടിസ്ഥാന നയമാക്കിയ ബി.ജെ.പി രക്ഷകരാകില്ല. ഉത്തരവാദപ്പെട്ട ഏത് രാഷ്ട്രീയ പാർട്ടിയുമായും സഭാനേതൃത്വത്തിന് ചർച്ചയാകാം. അതിനുള്ള കാരണം വിശ്വാസികളെ ബോദ്ധ്യപ്പെടുത്തണം. കർഷകർക്കൊപ്പം സഭാനേതൃത്വം നിലകൊള്ളണം. വില പറഞ്ഞ് വോട്ടുറപ്പിക്കുന്നതിനെ ന്യായീകരിക്കരുത്.
ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാരിന് കത്തോലിക്കാ സഭയുടെ ചെലവിൽ കേരളത്തിൽ നിന്ന് പിന്തുണയുറപ്പാക്കുന്ന പ്രസ്താവന,സഭാവേദികളിൽ തുടരുന്ന ബി.ജെ.പി അനുകൂല മൃദു സമീപനങ്ങളുടെ പരസ്യമായ വെളിപ്പെടുത്തലും വിളിച്ചു പറയലുമാണെന്നും സത്യദീപം പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |