തൃക്കാക്കര: ബ്രഹ്മപുരത്തെ പുക മൂലം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് സർക്കാർ, സ്വകാര്യ; ആശുപത്രികളിൽ ചികിത്സ ഒരുക്കുമെന്ന് ഐ.എം.എ, ജില്ലാ ആരോഗ്യവിഭാഗം, സ്വകാര്യ ആശുപത്രി പ്രതിനിധികൾ എന്നിവരുടെ യോഗത്തിനു ശേഷം മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. . സ്വകാര്യ ആശുപത്രികൾ ഇതിനായി പ്രത്യേകം സൗകര്യങ്ങൾ ഒരുക്കണം.
ആരോഗ്യ പ്രവർത്തകർ വീടുകളിലെത്തി സർവേ നടത്തി ആവശ്യമുള്ളവർക്ക് ചികിത്സ ഉറപ്പാക്കും. എല്ലാ ആശുപത്രികളിലും മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തണം. യോഗത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഓൺലൈനായി പങ്കെടുത്തു.മന്ത്രി എം.ബി. രാജേഷ്, മേയർ അഡ്വ.എം. അനിൽകുമാർ, കളക്ടർ എൻ.എസ്.കെ ഉമേഷ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.ശ്വാസതടസം ഉൾപ്പടെയുള്ള രോഗലക്ഷണങ്ങളുമായി 678പേർ ജില്ലയിൽ ചികിത്സ തേടി. ഫയർഫോഴ്‌സ്, പൊലീസ്, കോർപ്പറേഷൻ ജീവനക്കാർ ഉൾപ്പടെ 421 പേർ ക്യാമ്പുകളിലാണ് എത്തിയത്. 17പേർ ആശുപത്രികളിലുണ്ട്. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബ്രഹ്മപുരം ഇനി ആവർത്തിക്കില്ല
ബ്രഹ്മപുരം ഇനി ആവർത്തിക്കില്ലെന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. മാലിന്യസംസ്കരണത്തിന് മൂന്നു മാസത്തെ ഏഴിന കർമ്മപദ്ധതി ഒരുക്കും. . ബ്രഹ്മപുരത്ത് പ്ളാസ്റ്റിക് മാലിന്യങ്ങൾ നിരോധിച്ചു. ഏപ്രിൽ പത്തിനകം ജില്ലയിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണം നടപ്പാക്കും. പാലിക്കാത്തവർക്കെതിരെ നടപടികളുണ്ടാകും. വിജിലൻസ് പരിശോധനയും ജനകീയ ഓഡിറ്റിംഗും നടപ്പാക്കും.
ബ്രഹ്മപുരത്ത് ആറടി താഴ്ചയിൽ വരെ തീയുണ്ടെന്നും അണച്ചാലും വീണ്ടും തീ പടരുന്ന അവസ്ഥയാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.തീയും പുകയും പൂർണമായും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. വിഷപ്പുക ജനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പങ്കെടുത്തു. ആവശ്യമെങ്കിൽ തീ അണയ്ക്കാൻ കേന്ദ്രസഹായം തേടണമെന്ന് സതീശൻ ആവശ്യപ്പെട്ടു.മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന യോഗഹാളിലേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഏഴുപേരെ അറസ്റ്റു ചെയ്തു.
ബ്രഹ്മപുരത്തെ അഗ്നിബാധ നിയന്ത്രണത്തിലായി. പുകശല്യത്തിന്റെയും രൂക്ഷത കുറഞ്ഞു. പ്ളാസ്റ്റിക് കൂനകൾ എസ്കവേറ്റർകൊണ്ടു മറിക്കുമ്പോൾ വീണ്ടും തീ കത്തിപ്പടരുന്നതാണ് ഇപ്പോഴത്തെ പ്രശ്നം. സിവിൽ ഡിഫൻസ് വാളണ്ടിയർമാരുടെ കൂടി സഹായത്തോടെ കടമ്പ്രയാറിലും ഫയർഎൻജിനുകളിലും നിന്ന് വെള്ളം പമ്പു ചെയ്യുകയാണ്. ഞായറാഴ്ചയോടെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാകുമെന്ന പ്രതീക്ഷയിലാണ് ഫയർഫോഴ്സ്.
കൃത്രിമമഴ പെയ്യിക്കണം: വി.ഡി. സതീശൻ
ബ്രഹ്മപുരത്തെ തീ അണയ്ക്കാൻ സർക്കാരിന് കഴിഞ്ഞില്ലെങ്കിൽ കൃത്രിമമഴ പെയ്യിക്കലുൾപ്പടെയുള്ള മാർഗങ്ങൾ അവലംബിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ആകാശത്ത് നിന്നോ പറക്കുംതളികയിൽ നിന്നോ തീയിട്ടെന്നൊക്കെ ഇനി കണ്ടെത്തിയേക്കാം. തീപിടിത്തത്തിന്റെ കാരണം മുഖ്യമന്ത്രിയുടെ ഓഫീസിന് കിട്ടിയത് അന്വേഷണത്തെ സ്വാധീനിക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് മന്ത്രിമാർ പങ്കെടുത്ത ഇന്നലത്തെ യോഗത്തിലെ തീരുമാനങ്ങൾ നിരാശപ്പെടുത്തുന്നതാണ്. തീ എന്ന് അണയ്ക്കുമെന്നത് സംബന്ധിച്ച് ഉറപ്പില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിഷപ്പുക ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഇതേക്കുറിച്ച് പഠിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. മാലിന്യം പെട്രോളൊഴിച്ചു കത്തിച്ചെന്നത് ക്രിമിനൽ കുറ്റമാണ്. തെളിവുകൾ നശിപ്പിക്കുന്നതിനുമുമ്പ് പ്രതികളെ പിടികൂടണം. ഒമ്പത് ദിവസമായിട്ടും പ്രാഥമിക അന്വേഷണം നടത്താത്തത് പ്രതികൾ വേണ്ടപ്പെട്ടവരായതുകൊണ്ടാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |