തിരുവനന്തപുരം: പുതുതായി അനുവദിച്ച ഏഴ് കുടുംബ കോടതികളിൽ 21 തസ്തികകൾ വീതം സൃഷ്ടിക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ കോടതികളിലാണ് തസ്തികകൾ. സംസ്ഥാന ബിവറേജസ് കോർപ്പറേഷനിൽ ജനറൽ മാനേജർ (ഓപ്പറേഷൻസ്) തസ്തിക സൃഷ്ടിക്കും. 400 കെ.വി ഇടമൺ- കൊച്ചി ട്രാൻസ്മിഷൻ ലൈൻ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം, കോട്ടയം ജില്ലകളിൽ പ്രവർത്തിച്ചുവരുന്ന സ്പെഷ്യൽ തഹസിൽദാർ, എൽ.എ, പവർഗ്രിഡ് യൂണിറ്റുകളിലെ 11 തസ്തികകൾക്ക് കഴിഞ്ഞ വർഷം ഒക്ടോബർ 10 മുതൽ ഒരു വർഷത്തേക്ക് തുടർച്ചാനുമതി നൽകി.
ശമ്പള പരിഷ്കരണം
കേരള ചുമട്ടുത്തൊഴിലാളി ക്ഷേമ ബോർഡ്, കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ്, തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനർ എന്നിവിടങ്ങളിലെ സർക്കാർ അംഗീകൃത തസ്തികകളിലെ ജീവനക്കാർക്ക് ശമ്പളം, അലവൻസുകൾ, മറ്റാനുകൂല്യങ്ങൾ എന്നിവ 11ാം ശമ്പളപരിഷ്കരണ ഉത്തരവിനനുസരിച്ച് പരിഷ്കരിക്കും. ക്ലീൻ കേരള കമ്പനിയിലെ പുതിയ മാനേജിംഗ് ഡയറക്ടറായി റിട്ട. ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാറിനെ നിയമിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം.
ചികിത്സാ സഹായം
കരൾ ദാന ശസ്ത്രക്രിയയെ തുടർന്നുണ്ടായ സ്പൈനൽ സ്ട്രോക്ക് കാരണം ശരീരം തളർന്നു കിടപ്പിലായ കെ. രഞ്ജുവിന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ അനുവദിച്ചു.
ഭൂമി കൈമാറ്റം
ഇടുക്കി കോടതി സമുച്ചയ നിർമ്മാണത്തിനായി ഇടുക്കി വില്ലേജിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള 2 ഏക്കർ സ്ഥലം സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി ജുഡിഷ്യൽ വകുപ്പിന് നൽകാൻ അനുമതി നൽകി.
ബസ് ചാർജ് വർദ്ധന: ഇന്നലെയും പരിഗണിച്ചില്ല
ബസ് ചാർജ് വർദ്ധനയ്ക്ക് രണ്ടാഴ്ചമുമ്പ് എൽ.ഡി.എഫ് തത്വത്തിൽ അനുമതി നൽകിയെങ്കിലും ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലും പരിഗണിച്ചില്ല. ഗതാഗതമന്ത്രി ആന്റണി രാജു സ്ഥലത്തില്ലാതിരുന്നതിനാലും ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിലെ നിരക്ക് വർദ്ധന സംബന്ധിച്ച ആശയക്കുഴപ്പം നീക്കുന്നത് പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് നൽകാത്തതിനാലുമാണിത്. ആന്റണി രാജു ഇന്നലെ ബംഗളൂരുവിലായിരുന്നു.
കൊവിഡ് കാരണം 2020ൽ സ്പെഷ്യൽ നിരക്ക് എന്ന നിലയിൽ ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ് ബസുകളിൽ താത്കാലികമായി 25 ശതമാനം അധികനിരക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിന് മുകളിലേക്ക് വീണ്ടും നിരക്ക് ഉയർത്തണോ, അതോ 2018ലുണ്ടായിരുന്ന നിരക്കിന് മുകളിൽ വർദ്ധന നടപ്പാക്കിയാൽ മതിയോ എന്ന് പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനമെടുക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |