SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.34 PM IST

15നു മുമ്പ് സീറ്റ് വിഭജനം പൂർത്തിയാക്കാൻ കോൺഗ്രസ്

Increase Font Size Decrease Font Size Print Page
congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും മുമ്പ് കെ.പി.സി.സി നേതൃയോഗം 15ന് രാവിലെ 10ന് എറണാകുളം ഡി.സി.സി ഓഫീസിൽ ചേരും. അതിനുമുമ്പ് ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാണ് ശ്രമം. കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകളും നടന്നേക്കും.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഞായറാഴ്ച അവധിയാണെന്നതു കൂടി പരിഗണിച്ചാണ് അന്ന് നേതൃയോഗം ചേരുന്നത്.

രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഡി.സി.സി പ്രസിഡന്റുമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും.

പുതുയുഗ യാത്രയുടെ വിലയിരുത്തൽ, കെ.പി.സി.സി സംഘടിപ്പിച്ച ഗൃഹസന്ദർശന പരിപാടിയുടെ അവലോകനം എന്നിവയും യോഗത്തിലുണ്ടാകും.

മുന്നണി വിപുലീകരണത്തിൽ

പ്രതീക്ഷയോടെ

ഇടതുമുന്നണിയിൽ നേരിടുന്ന അവഗണന ആർ.ജെ.ഡി നേതൃയോഗത്തിൽ ചർച്ചയായത് പ്രതീക്ഷയോടെയാണ് കോൺഗ്രസും യു.ഡി.എഫ് നേതൃത്വവും കാണുന്നത്. എൽ.ഡി.എഫിൽ ഉറച്ചുനിൽക്കുമെന്ന് എം.വി.ശ്രേയാംസ് കുമാർ വെളിപ്പെടുത്തിയെങ്കിലും മികച്ച വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചാൽ ആർ.ജെ.ഡിയുടെ മനസ് മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. മന്ത്രി റോഷി അഗസ്റ്റിൻ ജോസ് കെ.മാണിയുടെ പാലായിലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് കേരള കോൺഗ്രസിൽ (എം) ചെറിയ അപസ്വരമുയർത്തിയിട്ടുണ്ട്. റോഷിയുടെ 'സ്നേഹപ്പാര 'ജോസിനെയും അതൃപ്തനാക്കിയിട്ടുണ്ട്. സുരക്ഷിത മണ്ഡലം കണ്ടെത്താൻ ജോസ് ശ്രമിക്കുന്നതിനിടെയായിരുന്നു റോഷിയുടെ അഭിപ്രായപ്രകടനം. ഈ സംഭവവികാസങ്ങളും കോൺഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്.

TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY