തിരുവനന്തപുരം: പാർലമെന്റിൽ എം.പിമാരുടെ എണ്ണം കൂട്ടിയില്ലെങ്കിൽ ദേശീയ പാർട്ടി പദവി നഷ്ടമാവുമെന്നതിനാൽ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജീവന്മരണ പോരാട്ടത്തിന് ഒരുങ്ങുകയാണ് സി.പി.എം. കർണാടക, രാജസ്ഥാൻ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എം.എൽ.എമാരില്ലാതായതോടെ, സി.പി.എമ്മിന്റെ ദേശീയ പാർട്ടി പദവി പരുങ്ങലിലാണ്. ലോക്സഭാ തിരഞ്ഞെടുപ്പാണ് അടുത്ത പിടിവള്ളി.
രാഷ്ട്രീയത്തിലുപരി ഏറ്റവും വിജയ സാദ്ധ്യതയുള്ളവരെ രംഗത്തിറക്കാനാണ് സി.പി.എം തീരുമാനം. അതിനാൽ ചില അപ്രതീക്ഷിത മുഖങ്ങളും സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടേക്കാം. സ്ഥാനാർത്ഥി സംബന്ധമായ ചർച്ചകൾക്ക് ഇന്നും നാളെയുമായി എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരുകയാണ്. സെക്രട്ടേറിയറ്റിൽ ഉയരുന്ന പേരുകൾ സംസ്ഥാന നേതൃത്വത്തിന് കൈമാറും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കൂടുതൽ എം.പിമാരെ ജയിപ്പിക്കാൻ സാദ്ധ്യതയുള്ളത് കേരളത്തിലാണ്. തമിഴ്നാട്, തെലുങ്കാന, ത്രിപുര സംസ്ഥാനങ്ങളിലാണ് പിന്നെ പ്രതീക്ഷ.
പല മണ്ഡലങ്ങളിലും സ്ഥാനാാർത്ഥികളായി പരിഗണിക്കേണ്ട പേരുകളിൽ അനൗദ്യോഗിക ധാരണയായിട്ടുണ്ട്. കാസർകോട്ട് അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറി ഡോ. വിജുകൃഷ്ണൻ ഏറെക്കുറെ ഉറപ്പാണ്. കണ്ണൂരിൽ മുൻ മന്ത്രി പി.കെ.ശ്രീമതിക്കാണ് പ്രഥമ പരിഗണനയെങ്കിലും മുൻ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സൺ സുകന്യയുടെ പേരും കേൾക്കുന്നുണ്ട്. വടകരയിൽ മുൻ മന്ത്രി കെ.കെ. ശൈലജയും കോഴിക്കോട്ട് മുൻ മന്ത്രി എളമരം കരീമും സ്ഥാനാർത്ഥിയായേക്കും. പാലക്കാട്ട് എ.വിജയരാഘവന്റെ പേര് പരിണനയിലുണ്ടെങ്കിലും മുൻ എം.എൽ.എ എം.ഹംസയുടെ പേരും കേൾക്കുന്നു. ആലത്തൂരിൽ മന്ത്രി കെ. രാധാകൃഷ്ണനാവും മത്സരിക്കുക.
ചാലക്കുടിയിൽ ബി.ഡി ദേവസ്സി എത്താനാണ് സാദ്ധ്യത. ചലച്ചിത്ര നടി മഞ്ജു വാര്യരെ ഇടതു സ്വതന്ത്രയാക്കി മത്സരിപ്പിക്കാനുള്ള ചില ആലോചനകളും നടന്നു. പക്ഷെ മഞ്ജു അഭിപ്രായം അറിയിച്ചിട്ടില്ല. എറണാകുളത്ത് എം. സ്വരാജിനാണ് സാദ്ധ്യത.
പത്തനംതിട്ടയിൽ മുൻമന്ത്രി ഡോ.തോമസ് ഐസക്ക് ഏറെക്കുറെ ഉറപ്പായ മട്ടാണ്. ആലപ്പുഴയിൽ എ.എം. ആരീഫ് വീണ്ടും മത്സരിക്കും. സി.പി.എമ്മിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ചില അമ്പുകൾ തൊടുക്കുന്നുണ്ടെങ്കിലും കൊല്ലത്ത് ജി.സുധാകരനെ മത്സരിപ്പിക്കാൻ നീക്കമുണ്ട്. സാധാരണ ജനങ്ങൾക്കിടയിലെ സുധാകരന്റെ സ്വീകാര്യതയാണ് കാരണം. സുധാകരനല്ലെങ്കിൽ സാദ്ധ്യത മുൻ എം.എൽ.എ ഐഷാ പോറ്റിക്കാണ്.
ദേശീയ പാർട്ടിയാവാൻ
കുറഞ്ഞത് നാല് സംസ്ഥാനങ്ങളിൽ ആറ് ശതമാനം വോട്ടും നാല് എം.പിമാരും
കുറഞ്ഞത് മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ലോക്സഭയിൽ രണ്ട് ശതമാനം (11 സീറ്റ്) പ്രാതിനിധ്യം.
നാല് സംസ്ഥാനങ്ങളിൽ സംസ്ഥാന പാർട്ടി പദവി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |