വയനാട്: ചേകാടി ഗവൺമെന്റ് എൽപി സ്കൂളിലെത്തിയ കാട്ടാനക്കുട്ടി പുഴകടന്ന് കർണാടകയിലെത്തി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്കൂളിൽ നിന്ന് പിടികൂടി തിങ്കളാഴ്ച വെെകിട്ടോടെ വെട്ടത്തൂരിലെ ഉൾവനത്തിലുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തിനരികിൽ വിട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച ഉച്ചയോടെ ആനക്കുട്ടിയെ വെട്ടത്തൂരിന് മറുവശമായ കർണാടകയിലെ കടഗദ്ദ ഭാഗത്തെ ജനവാസമേഖലയിൽ കണ്ടെത്തി. അവിടെ നിന്ന് നാട്ടുകാർ ചേർന്ന് ആനക്കുട്ടിയെ പിടികൂടി കർണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കെെമാറി. ഇവർ ആനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്.
ആനക്കുട്ടിക്ക് തനിയെ പുഴകടന്ന് കർണാടക ഭാഗത്തേക്ക് എത്താൻ സാധിക്കില്ല. അതിനാൽ കാട്ടാനക്കൂട്ടത്തിനൊപ്പമാണ് ഈ മേഖലയിലേക്ക് വന്നതെന്നാണ് കരുതുന്നത്. ആനക്കുട്ടിയെ ലഭിച്ചതിനെ തുടർന്ന് കർണാടക ഫോറസ്റ്റ് ഉദ്യോഗസ്ഥർ കേരളത്തിലെ ചെതലത്ത് ഫോറസ്റ്റ് റെയ്ഞ്ച് അധികൃതരെ വിളിച്ച് വിവരങ്ങൾ തേടിയിരുന്നു. കുട്ടിയാനയെ ആനക്കൂട്ടം കൂടെ സ്വീകരിക്കാത്തതാണോയെന്നാണ് സംശയിക്കുന്നത്. തിങ്കളാഴ്ച രാവിലെ വെളുകൊല്ലിയിലെ കിടങ്ങിൽ അകപ്പെട്ട നിലയിൽ ഈ കാട്ടാനക്കുട്ടിയെ കണ്ടെത്തിയിരുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി ആനപ്പന്തി വനഭാഗത്തെത്തിച്ച് വിട്ടെങ്കിലും ഉച്ചയോടെ ആന ചേകാടി ഗവൺമെന്റ് എൽപി സ്കൂളിലെത്തി.
ഉച്ചയ്ക്ക് 12.30ന് കുട്ടികൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആനക്കുട്ടി തൊട്ടടുത്ത പറമ്പിൽ വന്നത്. അപ്പോൾത്തന്നെ അദ്ധ്യാപകർ കുട്ടികളെ ക്ളാസ് മുറികളിലാക്കി വാതിലടച്ചു. നിമിഷനേരം കൊണ്ട് ആനക്കുട്ടി സ്കൂളിനകത്തെത്തി. ക്ളാസ് മുറികൾ കൊച്ചുതുമ്പിക്കൈ കൊണ്ട് തള്ളിത്തുറക്കാൻ നോക്കി. പിന്നെ വരാന്തയിലൂടെ കുസൃതി കാണിച്ചൊരു നടത്തം. ചെരിപ്പുകൾ തട്ടിത്തെറിപ്പിച്ചും വരാന്ത മുഴുവൻ ചെളിമയമാക്കിയുമായിരുന്നു കുസൃതി. അതിനിടെ ഇരുചക്രവാഹനങ്ങളിൽ കയറിയിരിക്കാനും തള്ളിയിടാനും ശ്രമം നടത്തി. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതോടെ ആനക്കുട്ടി വെെറലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |