ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി (NHAI)ക്ക് തിരിച്ചടി. ടോള്‍ പിരിവ് നിര്‍ത്തി വയ്ക്കണമെന്ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ദേശീയപാത അതോറിറ്റി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. കുഴികള്‍ നിറഞ്ഞ ഈ പാതയിലൂടെ സഞ്ചരിക്കാന്‍ എന്തിനാണ് കൂടുതലായി പണം നല്‍കുന്നത് എന്ന് ചോദിച്ച സുപ്രീം കോടതി ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവ് ശരിവച്ചു.
നാലാഴ്ചത്തേക്കാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ പിരിവ് നിര്‍ത്തി വയ്ക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടത്. പാതയിലൂടെയുള്ള ഗതാഗതം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുള്ള നിരീക്ഷണം തുടരണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍, ജസ്റ്റിസ് എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഹര്‍ജിയുമായി ബന്ധപ്പെട്ട വാദം കേള്‍ക്കുമ്പോഴും ദേശീയപാത അതോറിറ്റി കോടതിയില്‍ നിന്ന് രൂക്ഷമായി വിമര്‍ശനം കേട്ടിരുന്നു. ഈ പാതയിലൂടെ സഞ്ചരിക്കുന്ന ജനങ്ങളോട് അമിത തുക ആവശ്യപ്പെടുന്നതിന്റെ മാനദണ്ഡമെന്താണെന്ന് ഉള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. ഇടപ്പള്ളി - മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയതോടെ ഓഗസ്റ്റ് ആറിനാണ് പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിക്കുന്നത് ഹൈക്കോടതി നാലാഴ്ചത്തേക്ക് തടഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |