തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി അംഗം എന്‍ എന്‍ കൃഷ്ണദാസിനെതിരെ നടപടിയുമായി സിപിഎം. പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ ഉയര്‍ന്നുവന്ന പെട്ടി വിവാദത്തില്‍ പാര്‍ട്ടി നിലപാടിന് വിരുദ്ധമായ പ്രസ്താവന നടത്തിയതിനാണ് നടപടി. കൃഷ്ണദാസിനെ പരസ്യമായി പാര്‍ട്ടി താക്കീത് ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു. പെട്ടി വിവാദത്തില്‍ കൃഷ്ണദാസ് നടത്തിയ പ്രസ്താവന പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്ന തോന്നലുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തല്‍.
'തിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ വിവിധ തരത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. പ്രശ്നങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്ത് നിലപാട് സ്വീകരിക്കുക എന്നതില്‍നിന്ന് വ്യത്യസ്തമായ പ്രതികരണം എന്‍എന്‍. കൃഷ്ണദാസില്‍നിന്ന് ഉണ്ടായി. ഇത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി വിശദമായി പരിശോധിച്ചു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം യോജിപ്പോടെ മുന്നോട്ടുകൊണ്ടുപോവേണ്ടതാണ്. ആ ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കിടിയില്‍ പാര്‍ട്ടിയില്‍ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്ന രീതിയില്‍ പ്രതികരിച്ച പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗത്തെ പരസ്യമായി താക്കീത് ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു'.- ഗോവിന്ദന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറഞ്ഞുവെങ്കിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് കൂടുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് വ്യക്തമായെന്നും ഐ.സി. ബാലകൃഷ്ണന്‍ ഇക്കാര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഐ.സി. ബാലകൃഷ്ണനും ഡിസിസി പ്രസിഡന്റും പറഞ്ഞിട്ടാണ് നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് നിയമനത്തിനായി പണപ്പിരിവ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ടെന്നും നേതാക്കള്‍ വാങ്ങിയ കോഴക്ക് എന്‍എം വിജയന്‍ ഈട് നില്‍ക്കേണ്ടി വരുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |