കോട്ടയം: പെരിയ കൊലക്കേസ് സിപിഎം നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയ സംഭവമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സിബിഐ കോടതി വിധി അവസാന വാക്കല്ലെന്നും ഉയർന്ന കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ.വി കുഞ്ഞിരാമന്റെ പേരിലെ കുറ്റം അന്വേഷണത്തെ തടസ്സപ്പെടുത്തിയെന്നാണ് എന്നാൽ അന്വേഷണത്തെ സഹായിക്കുകയാണ് അദ്ദേഹം ചെയ്‌തത്. ഗൂഢാലോചനയിലൂടെ കൊല നടത്തിയെന്നല്ല സിബിഐയുടെ കണ്ടെത്തലെന്ന് അദ്ദേഹം പറഞ്ഞു.
'പൊലീസ് കണ്ടെത്തിയതാണ് സിബിഐയും കണ്ടെത്തിയത്. പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും സിബിഐ കണ്ടെത്തിയിട്ടില്ല. രാഷ്‌ട്രീയ ലക്ഷ്യത്തോടെ സിപിഎമ്മിനെ കേസിന്റെ ഭാഗമാക്കാൻ ശ്രമിച്ച സിബിഐ നിലപാടിനെ ഫലപ്രദമായി ചെറുക്കും. പാർട്ടി നേതാക്കളെയും പ്രവർത്തകരെയും രാഷ്‌ട്രീയ ഉദ്ദേശ്യത്തോടെ സിബിഐ കേസിൽ ഉൾപ്പെടുത്തി. പക്ഷെ വധശ്രമകേസിൽ ഉൾപ്പെടുത്താൻ കഴിഞ്ഞില്ല.' അതുകൊണ്ട് മറ്റുചില വകുപ്പുകൾ സിബിഐ ഉപയോഗിച്ചെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. കൊലക്കേസ് പ്രതികളായ സിപിഎമ്മുകാർക്കെതിരെ പാർട്ടി അന്നുതന്നെ നടപടിയെടുത്തിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.
കേസിൽ ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14, 20, 21, 22 പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾ. സിബിഐ പ്രത്യേക കോടതി ജഡ്ജി ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |