തിരുവനന്തപുരം: മുഖ്യമന്ത്രിയെ മാത്രം ഉയർത്തിക്കാട്ടി മുന്നോട്ടുപോകുന്നത് എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള ആക്രമണത്തിന് ശത്രുക്കൾക്ക് അവസരം നൽകുമെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം. എൽ.ഡി.എഫ് സർക്കാരിനെയാകെ ഉയർത്തികാട്ടുന്നതാണ് അഭികാമ്യം. സി.പി.ഐക്ക് മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ബാദ്ധ്യതയില്ല. എൽ.ഡി.എഫിനെ സംരക്ഷിക്കാനാണ് ബാദ്ധ്യത.
സി.പി.ഐ മന്ത്രിമാർക്ക് മുഖ്യമന്ത്രിയോട് അമിത വിധേയത്വമാണുള്ളത്. അതിന്റെ ആവശ്യമില്ല. കാര്യക്ഷമമായ പ്രവർത്തനമാണ് വേണ്ടത്. സർക്കാരിന്റെ ചില പ്രവർത്തനരീതികളിലും വിമർശനമുയർന്നു. സർക്കാരിന്റെ നാലാം വാർഷികം നടക്കുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും കറുപ്പ് കണ്ടാൽ പേടിക്കരുത്. കറുത്ത ഷർട്ടിട്ട് വരുന്നവരെ പൊലീസുകാർ ആക്രമിക്കുന്ന സ്ഥിതി ഒഴിവാക്കണം.
എലപ്പുള്ളിയിലെ ബ്രൂവറിയെ സി.പി.ഐ എതിർക്കാത്തത് ശരിയായില്ല. ബ്രൂവറിയുടെ ആവശ്യം എന്തായിരുന്നു. കൃഷിക്കും കുടിവെള്ളത്തിനും ദോഷകരമല്ലാത്ത വിധത്തിൽ മാത്രമേ ബ്രൂവറി നടപ്പാക്കൂവെന്നാണ് എൽ.ഡി.എഫ് തീരുമാനിച്ചതെന്നും അതിനാലാണ് അനുകൂലിച്ചതെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി.
ആശാപ്രവർത്തകരുടെ സമരം സർക്കാരിന് മോശപ്പെട്ട ഇമേജാണ് നൽകിയത്. നേരത്തെ ഒത്തുതീർപ്പാക്കേണ്ടതായിരുന്നു. അത് വഷളാക്കിയത് ശരിയായില്ല. നാലുവർഷം പിന്നിട്ടിട്ടും കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം ആരംഭിക്കാൻ ധനവകുപ്പ് തടസം നിൽക്കുന്നതിനാൽ കഴിയുന്നില്ല. ഇതിനുകാരണം സി.പി.എമ്മിന്റെ കടുംപിടിത്തമാണെന്നും വിമർശനമുണ്ടായി.
മത്സരങ്ങൾക്ക് വിലക്കില്ല: ബിനോയ് വിശ്വം
പാർട്ടി സമ്മേളനങ്ങളിൽ ഭരണഘടനാനുസൃതമായി മത്സരിക്കാമെന്നും എന്നാൽ, മുൻകൂട്ടി ആസൂത്രണം ചെയ്തും ഗ്രൂപ്പും ചേരിയുമുണ്ടാക്കി മത്സരിക്കാനുള്ള നീക്കം അനുവദിക്കാനാകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സരങ്ങൾക്ക് വിലക്ക് എന്ന പ്രചാരണം അസംബന്ധമാണ്. എതിർപ്പും വിയോജിപ്പും പാർട്ടിക്കുള്ളിൽ ഉന്നയിക്കാം. അതിന് രീതികളുണ്ട്.
വഖഫ് നിയമത്തിന്റെ ലക്ഷ്യം ഇന്ത്യയിലെ സെക്യുലർ രാഷ്ട്രീയത്തിന്റെ അടിത്തറ പൊളിക്കലാണ്. മുസ്ലിം- ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ തമ്മിൽതല്ലിക്കലാണ്. ബി.ജെ.പിയുടെ രാഷ്ട്രീയത്തിന് മുന്നിൽ കോൺഗ്രസ് വഴിയറിയാതെ നിൽക്കുകയാണ്. കെ.ഇ.ഇസ്മായിൽ പാർട്ടി അച്ചടക്കം പലപ്പോഴും ലംഘിച്ചു. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലുള്ള പെരുമാറ്റം ഉണ്ടായി. പാർട്ടി സമ്മേളനങ്ങളും അദ്ദേഹത്തിനെതിരെയുള്ള നടപടിയും തമ്മിൽ ഒരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ പാർട്ടി പാരമ്പര്യത്തെ മറക്കാതെയാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടിക്കേസിൽ സി.പി.ഐക്ക് ഭിന്നനിലപാട്
മുഖ്യമന്ത്രിയുടെ മകൾക്കെതിരെയുള്ള മാസപ്പടിക്കേസിൽ ഭിന്നനിലപാടുമായി സി.പി.ഐ. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സി.പി.എം നിലപാട് തള്ളി. എക്സാലോജിക്കുമായി ബന്ധപ്പെട്ടുള്ളത് എൽ.ഡി.എഫിന്റെ കേസല്ലെന്നും രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
എന്നാൽ, തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് മുഖ്യമന്ത്രിയെയും മുന്നണിയെയും സർക്കാരിനെയും കടന്നാക്രമിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് എസ്.എഫ്.ഐ.ഒ കുറ്റപത്രത്തിന് പിന്നിലെന്നാണ് സി.പി.എം വാദം. സി.എം.ആർ.എല്ലും എക്സാലോജിക്കും തമ്മിലെ ഇടപാടുകൾ സുതാര്യമായിട്ടും മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയാണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആരോപിച്ചത്.
അതേസമയം, കേസ് ഇതുവരെ രാഷ്ട്രീയ പ്രേരിതമെന്ന് പറയാവുന്ന നിലയിലേക്ക് എത്തിയിട്ടില്ലെന്നാണ് സി.പി.ഐ നിലപാട്. അന്വേഷണ ഏജൻസികൾ കേസ് രാഷ്ട്രീയ പ്രേരിതനീക്കമായി മാറ്റാൻ ശ്രമിച്ചാൽ അപ്പോൾ രാഷ്ട്രീയമായി നേരിടുമെന്നും വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ കാര്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടല്ല എന്ന് ബിനോയ് വിശ്വം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |