ആലപ്പുഴ: സെപ്തംബർ 8 മുതൽ 12വരെ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വയലാറിൽ പാർട്ടി ശതാബ്‌ദി ആഘോഷ സമ്മേളനം സംഘടിപ്പിക്കും. പി.കൃഷ്ണപിള്ള അനുസ്‌മരണ ദിനമായ ആഗസ്റ്റ് 19ന് നടത്തുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനായിരിക്കും.
സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലയിൽ 1,000 കുടുംബ സദസുകൾ സംഘടിപ്പിക്കും. വിവിധ തീയതികളിലായി ട്രേഡ് യൂണിയൻ സെമിനാർ, ദളിത് അവകാശ സംരക്ഷണ സെമിനാർ,
യൂത്ത് കോൺക്ലേവ്, 'ബഹുസ്വരതയും ഫാസിസവും', 'ദേശീയ വിദ്യാഭ്യാസ നയം പ്രത്യാഘാതങ്ങൾ ബദലുകൾ', 'മതനിരപേക്ഷതയുടെ വർത്തമാനങ്ങൾ' എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, മാദ്ധ്യമ സെമിനാർ തുടങ്ങിയവ സംഘടിപ്പിക്കും.
പ്രവർത്തകരിൽ നിന്ന് ഹുണ്ടിക പിരിവിലൂടെ ആദ്യഘട്ടത്തിൽ അരക്കോടിയോളം രൂപ സമ്മേളന നടത്തിപ്പിനായി സമാഹരിച്ചതായി സംഘാടക സമിതി ചെയർമാൻ മന്ത്രി പി.പ്രസാദ് അറിയിച്ചു.
സി.സി. മുകുന്ദനെ സന്ദർശിച്ച്
മന്ത്രി രാജനും സുനിൽകുമാറും
തൃശൂർ: വീട്ടിൽ തെന്നി വീണ് കാലിന് പരിക്കേറ്റ സി.സി. മുകുന്ദൻ എം.എൽ.എയെ മന്ത്രി കെ.രാജനും മുൻ മന്ത്രി വി.എസ്.സുനിൽകുമാറും സന്ദർശിച്ചു. അന്തിക്കാട്ടെ വീട്ടിൽ വിശ്രമത്തിലാണ് മുകുന്ദൻ. കാലപ്പഴക്കം ചെന്ന ഓടിട്ട വീടാണ് മുകുന്ദന്റേത്. കടവും കുടിശികയും കയറി സഹകരണ ബാങ്കിന്റെ ജപ്തിയിലാണ് വീട്. മുഖ്യമന്ത്രിയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും ഉൾപ്പെടെ നിരവധി പേർ മുകുന്ദനെ ബന്ധപ്പെട്ടിരുന്നു. കടബാധ്യത തീർക്കാമെന്ന് സി.പി.ഐ ഉറപ്പു നൽകി. അതേസമയം പ്രമുഖ വ്യവസായി എം.എ.യൂസഫലിയുടെ മീഡിയാ കോ-ഓർഡിനേറ്റർ മുകുന്ദനെ ബന്ധപ്പെട്ട് വീടിന്റെ വായ്പാവിവരങ്ങൾ തിരക്കി രേഖകൾ നൽകാൻ ആവശ്യപ്പെട്ടു. പാർട്ടിയുമായി ആലോചിച്ച ശേഷം രേഖ നൽകുന്ന കാര്യം അറിയിക്കാമെന്ന് മുകുന്ദൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |