SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.39 PM IST

സിപിഎം ആറ് തവണ വധിക്കാൻ ശ്രമിച്ചു; വാഹനം മാറിക്കയറിയും നമ്പർ പ്ളേറ്റ് മാറ്റിയും രക്ഷപ്പെട്ടിട്ടുണ്ടെന്ന് കെ സുധാകരൻ

Increase Font Size Decrease Font Size Print Page
k-sudhakaran

തിരുവനന്തപുരം: സിപിഎം ആറ് തവണ വധിക്കാൻ ശ്രമിച്ചതായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയവർ പാർട്ടിയിലും സർക്കാരിലും ഉന്നത സ്ഥാനങ്ങൾ വഹിക്കുന്നതായും അദ്ദേഹം ആരോപിച്ചു. സുധാകരനെ വധിക്കാൻ സിപിഎം കൊലയാളി സംഘത്തെ അയച്ചു എന്ന് ദേശാഭിമാനി മുൻ അസോഷ്യേറ്റ് എഡിറ്റർ ജി ശക്തിധരന്റ വെളിപ്പെടുത്തൽ വിവാദമായിരുന്നു. പിന്നാലെയാണ് കെ സുധാകരൻ തന്നെ വിഷയത്തിൽ പ്രതികരണം നടത്തിയത്.

വധശ്രമങ്ങളിൽ നിന്ന് പലപ്പോഴും തലനാഴിരയ്ക്കാണ് രക്ഷപ്പെട്ടതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. 1992ൽ ഡിസിസി അദ്ധ്യക്ഷനായതിന് പിന്നാലെയാണ് വധശ്രമങ്ങളുണ്ടായത്. പലതിൽ നിന്നും സഹപ്രവർത്തകരുടെ സമയോചിതമായ ഇടപെടലും ദൈവാനുഗ്രഹവും മൂലമാണ് രക്ഷപ്പെട്ടതെന്നും കെ സുധാകരൻ പറഞ്ഞു. പയ്യന്നൂർ, മട്ടന്നൂർ, പേരാവൂർ, കൂത്തുപറമ്പ് അടക്കമുള്ള സ്ഥലങ്ങളിൽ വെച്ച് നേരിട്ട് വധശ്രമമുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.

കാർ മാറിക്കയറിയും നമ്പർ പ്ളേറ്റ് മാറ്റിയും വധശ്രമങ്ങളിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. മുൻ ഡ്രൈവർ പ്രകാശ ബാബുവിന്റെ ഗൃഹപ്രവേശത്തിന് ക്ഷണം ലഭിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നു. ഒരു സിപിഎമ്മുകാരൻ തന്റെ പിഎയെ വിളിച്ച് വിലക്കിയതിനാലാണ് അത് ഒഴിവായതെന്നും സുധാകരൻ തുടർന്നു.

തനിക്കെതിരെയുള്ള ഗൂഢാലോചന ഇപ്പോഴും തുടരുകയാണ്. എന്നാൽ സിപിഎം എത്ര ശ്രമിച്ചാലും തന്നെ കൊല്ലാനാകില്ല. ദൈവം വിചാരിച്ചാലെ അതിനാകൂ എന്ന് ദൈവവിശ്വാസിയായ താൻ വിശ്വസിക്കുന്നുവെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

TAGS: SUDHAKARAN, K, ICC, DCC, CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY