
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയോട് പാകിസ്ഥാൻ വെടിനിർത്താൻ അപേക്ഷിച്ചതിന്റെ കാരണം പുറത്ത്. പാക് ആണവായുധങ്ങൾ സൂക്ഷിച്ചിരുന്നത് എന്ന് കരുതുന്ന കിരാന ഹിൽസിലെ ഭൂഗർഭ അറയുടെ പ്രവേശന കവാടത്തിൽ ഇന്ത്യ മിസൈലാക്രമണം നടത്തി തകർത്തതോടെയാണ് പാകിസ്ഥാൻ വെടിനിർത്തലിന് ഇന്ത്യയോട് അപേക്ഷിച്ചത്. വ്യോമയാന വിദഗ്‌ദ്ധൻ ടോം കൂപ്പർ ഒരു ദേശീയമാദ്ധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യ, പാകിസ്ഥാന് വ്യക്തമായ സന്ദേശം ഇതിലൂടെ നൽകുകയായിരുന്നെന്ന് ടോം കൂപ്പർ പറഞ്ഞു. കിരാന ഹിൽസ് ആക്രമണം വ്യോമസേന ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിവിധ തെളിവുകൾ നിരത്തിയാണ് കൂപ്പർ ഇന്ത്യയുടെ ശക്തമായ ആക്രമണത്തിനെക്കുറിച്ച് പറയുന്നത്. സ്ഥലവാസികൾ വീഡിയോയിൽ പകർത്തിയ കുന്നിൻ ചെരുവിലെ മിസൈലാക്രമണ ദൃശ്യങ്ങളും റഡാർ സ്റ്റേഷനിൽ നിന്ന് പുക ഉയരുന്ന ദൃശ്യങ്ങളും ഇന്ത്യയുടെ നടപടിക്ക് തെളിവായി ടോം കൂപ്പർ നൽകുന്നു. കഴിഞ്ഞ വർഷം മേയ് 10നാണ് സംഭവം നടന്നത്.
'പാകിസ്ഥാൻ ആണവപദ്ധതിയുടെ പ്രധാനകേന്ദ്രമാണ് കിരാന ഹിൽസ്. ഇന്ത്യൻ സൈന്യം ആദ്യം റഡാർ സ്റ്റേഷനിലാണ് ആക്രമണം നടത്തിയത്. പിന്നാലെ ഭൂഗർഭ സംഭരണ അറകളിലെ രണ്ട് പ്രവേശനകവാടങ്ങളും തകർത്തു. ഇത് വ്യക്തമായ തെളിവാണ്.' ടോം കൂപ്പർ പറയുന്നു. ഓപ്പറേഷൻ സിന്ദൂറിന് മറുപടി നൽകാൻ പാകിസ്ഥാൻ ബൻയാൻ-അൽ- മർസൂസ് എന്ന നടപടി ആരംഭിച്ചിരുന്നു. ഈ ഓപ്പറേഷൻ കിരാന ഹിൽസ് ആക്രമണത്തോടെ നിർത്തി. പിന്നാലെ വെടിനിർത്തലിനുള്ള നയതന്ത്ര നീക്കങ്ങൾ തുടങ്ങി.എഫ്-16 വിമാനങ്ങൾ പാകിസ്ഥാൻ സൂക്ഷിച്ചിരുന്ന സർഗോധയെക്കുറിച്ചും വിവരം പുറത്തുവന്നിട്ടുണ്ട്. ഈ വിമാനങ്ങൾ ആണവായുധങ്ങൾ ഘടിപ്പിക്കാനായാണ് സൂക്ഷിച്ചിരുന്നത്.
റിപബ്ളിക് ദിനത്തിൽ ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടം കുറിക്കുന്ന വീഡിയോ വ്യോമസേന പുറത്തുവിട്ടിരുന്നു. ഇതിൽ കിരാന ഹിൽസിലെ സർഗോധ വിമാനത്താവളം ആക്രമിച്ച ദൃശ്യങ്ങളുമുണ്ടായിരുന്നു. മുൻപ് ഓപ്പറേഷൻ സിന്ദൂർ സമയത്ത് ജനറൽ എയർമാർഷൽ എ കെ ഭാരതിയോട് കിരാന ഹിൽസ് ആക്രമണത്തെക്കുറിച്ച് ചോദിച്ചിരുന്നു. 'അവിടെ ആണവനിലയമുണ്ടെന്ന് ഞങ്ങളോട് പറഞ്ഞതിന് നന്ദി. ഞങ്ങൾക്ക് അതറിയില്ലായിരുന്നു.' എന്ന് ചെറുപുഞ്ചിരിയോടെ മറുപടി നൽകുകയാണ് അദ്ദേഹം ചെയ്‌തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |