
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. നേരിന്റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരനാണ് നിങ്ങളെന്ന് തെളിയിച്ചെന്ന് കടകംപള്ളി സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ശബരിമല സ്വർണക്കൊള്ളയിൽ കടകംപള്ളിക്ക് പങ്കുണ്ടെന്ന പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് കടകംപള്ളി മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കടകംപള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിഡി സതീശനെതിരെ ഞാൻ ഫയൽ ചെയ്തിരിക്കുന്ന മാനനഷ്ട ഹർജിയുമായി ബന്ധപ്പെട്ട് ചില തെറ്റായ വാർത്ത പ്രചരിക്കുന്നുണ്ടെന്നും അത് തെറ്റാണെന്നും കോടതിയിൽ എന്താണ് നടന്നത് എന്നതിനെക്കുറിച്ച് എന്റെ വക്കീലിന്റെ പ്രസ്താവന ഞാൻ ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും മീഡിയ ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. താൻ എന്റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ചിട്ട് മാസങ്ങൾ ആയില്ലേയെന്നും കടകംപള്ളി വിഡി സതീശനോട് ചോദിച്ചു. ചുണയുണ്ടെങ്കിൽ താൻ തന്റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 'തന്നെ സ്വർണം കട്ടവനെന്ന് വിളിക്കരുതെന്ന്' മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടെന്ന മാദ്ധ്യമ വാർത്തകൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ നിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ മാനനഷ്ടക്കേസിൽ അദ്ദേഹം കുറ്റം ആവർത്തിക്കരുതെന്ന് നിർദ്ദേശിക്കണം. ഇല്ലെങ്കിൽ പ്രസ്താവന നടത്തുന്നത് വിലക്കണം. ഇക്കാര്യമാവശ്യപ്പെട്ട് മറ്റൊരു അപേക്ഷയും നൽകിയിരുന്നു. ഇക്കാര്യത്തിൽ സതീശനുമായി ആലോചിച്ച് മറുപടി നൽകാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചെന്നും കടകംപള്ളിയുടെ അഭിഭാഷകനായ രാജഗോപാലൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ആരോപണത്തിനു ശേഷം സ്വസ്ഥമായി വീട്ടിൽക്കിടന്ന് ഉറങ്ങാൻ കഴിയുന്നില്ലെന്നും തന്നെ സ്വർണം കട്ടവൻ എന്ന് വിളിക്കാതിരിക്കാൻ സതീശനോട് നിർദ്ദേശിക്കണമെന്നും കടകംപള്ളി കോടതിയിൽ ആവശ്യപ്പെട്ടെന്നായിരുന്നു വാർത്തകൾ. എന്നാൽ ഇത്തരത്തിലൊരു വാദം തിരുവനന്തപുരം മൂന്നാം സബ് കോടതിയിലുണ്ടായിട്ടില്ലെന്ന് രാജഗോപാലൻ നായർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |