
കൊച്ചി: രാഷ്ട്രീയവും നിയമവിരുദ്ധതയും ചൂണ്ടിക്കാട്ടി നവകേരള സർവേ ഹൈക്കോടതി റദ്ദാക്കിയതോടെ ചെലവായ തുക സർക്കാർ തിരിച്ചടയ്ക്കേണ്ടി വരും. സർക്കാർ അപ്പീൽ പോയില്ലെങ്കിൽ പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ച 20 കോടിയും ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. ഒന്നരമാസത്തിലധികം പിന്നിട്ട സർവേയ്ക്കായി ഇതിൽനിന്ന് എത്ര തുക ചെലവിട്ടെന്ന് സർക്കാർ വ്യക്തമാക്കേണ്ടി വരും.
റൂൾസ് ഒഫ് ബിസിനസിൽ ( സർക്കാരിന്റെ നടപടിച്ചട്ടങ്ങളിൽ) ഉൾപ്പെടുത്താതെ, 'സ്‌പെഷ്യൽ പി.ആർ ക്യാമ്പയിൻ' എന്നപേരിൽ തുക അനുവദിക്കാനോ ചെലവഴിക്കാനോ പാടില്ലെന്ന് കോടതി ഉത്തരവിലുണ്ട്. സർവേയ്ക്കായി 20 കോടി അനുവദിച്ച ഉത്തരവടക്കമാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുമ്പോഴാണ് സർവേയ്ക്കുള്ള നടപടി തുടങ്ങിയത്. ജനുവരി ഒന്നിന് തുടങ്ങിയ സർവേ ഈമാസം 28 വരെയാണ് നിശ്ചയിച്ചിരുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരുംമുമ്പേ തീർക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്രയുംനാൾ വിവരശേഖരണം നടത്താത്തത് എന്തെന്ന് കോടതി ചോദിച്ചു.
സർവേ സംബന്ധിച്ച് 2025 ഒക്ടോബർ 10ന് ഇറക്കിയ ഉത്തരവിലെയും അനുബന്ധ ഉത്തരവുകളിലെയും തുടർനടപടികളും റദ്ദാക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഓടക്കാലി സ്വദേശി എം.എച്ച്. മുബാസ് എന്നിവരാണ് ഹർജിക്കാർ. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സർവേ പാർട്ടി ആഹ്വാനത്തിൽ സർക്കാർ നടപ്പാക്കിയെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.
സർക്കാർ ഉത്തരവിനും മന്ത്രിസഭാ തീരുമാനത്തിനും മുമ്പ് സർവേയ്ക്കുള്ള വോളണ്ടിയർമാരാകാൻ നിർദ്ദേശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി ഘടകങ്ങൾക്ക് സർക്കുലർ നൽകിയതു ചൂണ്ടിക്കാട്ടിയുള്ള ഹർജിക്കാരുടെ ആരോപണം തള്ളിക്കളയാനാകില്ലെന്ന് കോടതി പറഞ്ഞു. കേസിൽ ഗോവിന്ദനെയും കക്ഷി ചേർത്തിരുന്നു.
കർമ്മസേന സർവേ
ലക്ഷ്യമിട്ടുള്ള സംവിധാനമല്ല
ദുരന്തനിവാരണ കർമ്മസേനയെ തിരഞ്ഞെടുക്കുന്നതിനുള്ള പോർട്ടലിലൂടെയാണ് സർവേയ്ക്കുള്ള വോളണ്ടിയർമാരെ തിരഞ്ഞെടുത്തത്. കർമ്മസേന സർവേ ലക്ഷ്യമിട്ടുള്ള സംവിധാനമല്ലെന്ന് കോടതി പറഞ്ഞു. റൂൾസ് ഒഫ് ബിസിനസിന്റെ ചട്ടമനുസരിച്ച് പ്ലാനിംഗ്, സർവേ നടപടികൾ പ്ലാനിംഗ് ആൻഡ് ഇക്കണോമിക് അഫയേഴ്സ് വകുപ്പിന്റെയും, നവകേരള കർമ്മ പദ്ധതികളുടെ മേൽനോട്ടം പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ആൻഡ് ഇവാല്വേഷൻ വകുപ്പിന്റെയും ചുമതലയാണ്. സ്‌പെഷ്യൽ പി.ആർ ക്യാമ്പയിൻ എന്നപേരിൽ ഇത് പബ്ലിക് റിലേഷൻസ് വകുപ്പിനെ ഏൽപ്പിച്ച് 20 കോടി അനുവദിച്ചത് കുറുക്കുവഴിയാണെന്നും കോടതി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |