ആലപ്പുഴ: മന്ത്രി സജി ചെറിയാന് തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ ഇല്ലെന്ന് മുൻ മന്ത്രി ജി.സുധാകരൻ പറഞ്ഞു. സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്ന് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ പാർട്ടിയോട് ചേർന്നല്ല, പാർട്ടിക്കുള്ളിലാണ് പോകുന്നത്. എന്നിട്ടും എന്നോട് പാർട്ടിയോട് ചേർന്ന് പോകാൻ പറഞ്ഞതിന് സജി ചെറിയാനെതിരെ നടപടിയെടുക്കണം. എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചവരുടെ കൂട്ടത്തിൽ സജി ചെറിയാനുമുണ്ട്. പുറത്താക്കിയെന്ന് പറഞ്ഞ് ചില സഖാക്കൾ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളിയാണ്. പാർട്ടിക്കെതിരെ ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എന്നോട് ഏറ്റു മുട്ടാൻ സജി ചെറിയാൻ വരേണ്ടതില്ല. സജി ചെറിയാന്റെ കൂട്ടർ എന്നെ ബി.ജെ.പിയിൽ വിടാൻ ശ്രമിച്ചു. എന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പുന്നപ്ര വയലാറിന്റെ മണ്ണിൽ നിന്നാണ് സംസാരിക്കുന്നത്. ആലപ്പുഴയിലെ പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ആക്രമണത്തെ എതിർക്കാതെ എ.കെ.ബാലൻ എന്നെ ഉപദേശിക്കാൻ വരുന്നത് എന്തിനാണ്. ബാലനെപ്പോലെ മാറാൻ എനിക്കാവില്ല'-സുധാകരൻ പറഞ്ഞു.
ജി.സുധാകരന്റെ പ്രതികരണം തെറ്റ്: ആർ.നാസർ
മന്ത്രിയും സി.പി.എം സെക്രട്ടറിയേറ്റംഗവുമായ സജി ചെറിയാനെതിരെ മുൻ മന്ത്രി ജി.സുധാകരൻ നടത്തിയ പ്രതികരണം ശരിയായില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു.
അദ്ദേഹം പാർട്ടിയിലായിരുന്നു പറയേണ്ടിയിരുന്നത്. ജി.സുധാകരൻ കെ.പി.സി.സിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ പ്രശ്നമില്ല. പക്ഷേ അതിൽ സർക്കാരിനെയും പാർട്ടിയെയും ദുർബലപ്പെടുത്തുന്ന പ്രസ്താവന നടത്തി. ഇതിന് ശേഷംസൈബർ ആക്രമണം നടത്തിയവരോട് പാർട്ടി വിശദീകരണം തേടി. ജി.സുധാകരൻ മറ്റൊരു പാർട്ടിയിലും പോകില്ലെന്നും, അദ്ദേഹം അടിയുറച്ച പാർട്ടിക്കാരനാണെന്നും ആർ.നാസർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പേര് പറഞ്ഞില്ലെങ്കിലും ജി.സുധാകരന്റെ പരാമർശം തനിക്കെതിരെയാണെന്ന് ജനങ്ങൾക്ക് തോന്നുമെന്നും സൈബർ ആക്രമണം തന്റെ സംസ്ക്കാരമല്ലെന്നും എച്ച്.സലാം എം.എൽ.എയും പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയിലായിരുന്നപ്പോൾ ലഭിച്ച പരിഗണന ബ്രാഞ്ച് കമ്മിറ്റിയംഗത്തിന് കിട്ടില്ലെന്നും സലാം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |