അമ്പലപ്പുഴ: മുൻമന്ത്രി ജി. സുധാകരൻ മഹാനായ നേതാവാണെന്നും അദ്ദേഹത്തെ വില കുറച്ച് കാണരുതെന്നും എച്ച്. സലാം എം.എൽ.എ പറഞ്ഞു. പുന്നപ്ര ജെ.ബി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വിവാദം മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണ്. മാദ്ധ്യമങ്ങളുടെ പരിലാളന കൊണ്ട് നേതാവായ വ്യക്തിയല്ല സുധാകരൻ. ദീർഘനാളത്തെ സേവന പാരമ്പര്യമുള്ള നേതാവാണ്. സമസ്ത മേഖലയിലും ഉന്നത നിലവാരം പുലർത്തുന്ന അദ്ദേഹത്തെയും തന്നെയും താരതമ്യം ചെയ്യരുത്. മാതൃകാപരമായ പ്രവർത്തനങ്ങളാൽ ചരിത്രത്തിൽ രേഖപ്പെടുത്തുന്ന നേതാവാണ് അദ്ദേഹം. താൻ അദ്ദേഹത്തിന്റെ പിൻഗാമി മാത്രമാണ്. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതികൾ പുതിയ മന്ത്രിമാരും എം.എൽ.എമാരും ഉദ്ഘാടനം ചെയ്യുന്നത് സ്വാഭാവികമാണെന്നും സലാം പറഞ്ഞു.
ജി. സുധാകരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അദ്ദേഹത്തെ ക്ഷണിക്കാത്തതും നോട്ടീസിൽ പതിപ്പിച്ചിരുന്ന ചിത്രത്തിൽ കെട്ടിടത്തിൽ എഴുതിയിരുന്ന സുധാകരന്റെ പേര് ഫോട്ടോ ഷോപ്പിലൂടെ മായ്ച്ചതും വിവാദമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |