കോഴിക്കോട്: ഏതെങ്കിലും കസേര നോക്കിയല്ല, കേരള രാഷ്ട്രീയത്തിൽ താൻ സജീവമായി ഉണ്ടാകുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ആലപ്പുഴയിൽനിന്ന് ജനങ്ങൾ വിജയിപ്പിച്ച എംപിയാണ് ഞാൻ, മാർക്സിസ്റ്റ് പാർട്ടിയെ അധികാരത്തിൽനിന്ന് താഴെ ഇറക്കാൻ വേണ്ടി കേരളത്തിൽ സജീവമായി ഉണ്ടാകും.
പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തിൽ ബി.ജെ.പി-സി.പി.എം ഡീലിന്റെ ഭാഗമാണ്. കോൺഗ്രസ് നടപ്പാക്കുന്നു എന്നത് തെറ്റായ ധാരണയാണ്. മുഖ്യമന്ത്രിയുടെ മകന് നോട്ടീസ് വന്നത് ഇഡി മറച്ചു വച്ചതും ലാവ് ലിൻ കേസ് 40 തവണ മാറ്റി വച്ചതുമായ പരമ്പര തന്നെ ഈ ഡീലിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ഗാന്ധിയെക്കുറിച്ച് പഠിക്കേണ്ടെന്നും ഗോഡ്സയെക്കുറിച്ച് പഠിക്കണമെന്നുമാണ് കേന്ദ്ര നിലപാട്. ഇത് കോൺഗ്രസ് അംഗീകരിക്കില്ല. ഇത് നടപ്പാക്കുന്നതിനുള്ള കൈക്കൂലിയാണോ 1400 കോടി രൂപയെന്നും അദ്ദേഹം ചോദിച്ചു.
റെഡ് അലർട്ടെന്ന് വി.ഡി.സതീശൻ
കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ന് റെഡ് അലേർട്ടാണെന്ന് മറുപടി നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
മഴ പെയ്യുമോയെന്ന് നോക്കണമെന്ന് പ്രവർത്തകരോട് പറഞ്ഞ ശേഷം സതീശൻ നടന്നു നീങ്ങുകയായിരുന്നു.
ഹൈക്കോടതി ഇടപെട്ടില്ലായിരുന്നുവെങ്കിൽ ഇത്തവണ കൊണ്ടുപോയ ദ്വാരപാലക ശിൽപവും വിൽക്കുമായിരുന്നു. ആറ് കൊല്ലത്തിനിടയിൽ 40 വർഷം വാറണ്ടിയുള്ള സാധനം വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തത് വലിയ കവർച്ചയ്ക്ക് വേണ്ടിയാണ്. ദേവസ്വം മാന്വലും ഹൈക്കോടതി നിർദേശങ്ങളും വിധിയും ലംഘിച്ചാണ് നിലവിലെ ബോർഡ് പ്രവർത്തിച്ചത്. ഇപ്പോഴത്തെ ദേവസ്വം ബോർഡിനും ദേവസ്വം മന്ത്രിക്കും പങ്കുണ്ടെന്നത് വളെര വ്യക്തമാണ്. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെയ്ക്കണം. ദേവസ്വം ബോർഡിനെ ചവിട്ടി പുറത്താക്കണം.
പി.എം ശ്രീ ബി.ജെ.പിയുടെ വർഗീയ രാഷ്ട്രീയം അടിച്ചേൽപിക്കാനുള്ള അജണ്ടയാണ്. എന്നാൽ സർക്കാർ മുന്നിട്ടിറങ്ങി അത്തരം നിബന്ധനകളെ ഒഴിവാക്കി കേന്ദ്രത്തിൽനിന്ന് പണം വാങ്ങുന്നതിൽ തങ്ങൾക്ക് എതിർപ്പില്ല. പി.എം ശ്രീ പദ്ധതിയിലെ സി.പി.ഐ വിയോജിപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ ഏത് സി.പി.ഐ എന്നാണ് എം.വി.ഗോവിന്ദൻ
പറഞ്ഞത്-സതീശൻ ചൂണ്ടിക്കാട്ടി..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |