തിരുവനന്തപുരം:പ്രതിപക്ഷത്തിന് പരിതാപകരമായ മാനസികാവസ്ഥയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നല്ല കാര്യമായാലും ശരി, അതിനെയെല്ലാം എതിർക്കലാണ് രീതി. ഈ നാട് തെല്ലും മുന്നോട്ടുപോകരുതെന്നാണ് മനസിൽ. സർക്കാരിന് മാത്രമല്ല, നാടിനും ജനങ്ങൾക്കുമെതിരാണിത്. എന്താണ് ഇവർക്ക് സംഭവിച്ചതെന്നറിയില്ല- കെ.ഫോണിനെതിരായ പ്രതിപക്ഷ നേതാവിന്റെ വിമർശനത്തെക്കുറിച്ച് കെ.ഫോൺ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പ്രതികരിച്ചു.
കെ ഫോൺ ജനങ്ങളോടുള്ള കൊഞ്ഞനം കുത്തലാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.ഏതെങ്കിലും ഒരാൾ വക തിരിവില്ലാതെ വിളിച്ചുപറഞ്ഞതായി ഇതിനെ കാണാനാവില്ല. ജനങ്ങളെ കൊഞ്ഞനം കുത്തുന്ന നിലപാട് പ്രതിപക്ഷ നേതാവാണ് സ്വീകരിക്കുന്നത്. നട്ടാൽ കുരുക്കാത്ത നുണകൾ അദ്ദേഹം വാരി വിതറുകയാണ്.ഉദ്ഘാടനച്ചടങ്ങ് വലിയ ധൂർത്താണെന്നാണ്. എത്ര പരിഹാസ്യമായി രീതിയിലാണ് എതിർക്കാൻ പുറപ്പെടുന്നത്. ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല. നിലവാരമില്ലാത്ത കേബിളുകളാണ് ഉപയോഗിച്ചതെന്നാണ് മറ്റൊരു വിമർശനം. ഏതടിസ്ഥാനത്തിലാണ് ഇത്തരമൊരു പരാമർശം. ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ് (ബെൽ) ആണ് ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികൾ നടത്തിയത്. ഇന്ത്യയിലെ പ്രമുഖമായ പൊതുമേഖല സ്ഥാപനമാണിത്. . ധൂർത്ത് പറഞ്ഞാൽ അഴിമതി കൂടി പറയലാണ് പുതിയ പല്ലവി. കേരളത്തിൽ ഇത്തരം പദ്ധതികൾ നടപ്പാക്കാൻ വരുന്നവർക്ക് മറ്റേതെങ്കിലും വഴിക്ക് പണം ചെലവഴിക്കേണ്ട സ്ഥിതിയില്ലെന്ന് അഭിമാനപൂർവം പറയാൻ കഴിയും..
എന്തിനാണ് സർക്കാർ മേഖലയിൽ ഇൻർനെറ്റെന്ന് ചോദിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. പൊതുമേഖലയിൽ ഒന്നും പാടില്ലെന്നും എല്ലാം സ്വകാര്യമേഖലയിൽ മതിയെന്നുമുള്ള ചിന്തയാണ് ഇതിന് പിന്നിൽ. . ഇവർക്ക് കേരളത്തിന്റെ ബദൽ എളുപ്പം മനസ്സിലാകില്ല. നാട്ടിൽ മാറ്റങ്ങൾ വരരുതെന്ന ഇടുങ്ങിയ മനസ്സുള്ളവരാണ് ഇങ്ങനെ ചിന്തിക്കുന്നത്. അപരിഷ്‌കൃത ചിന്തകളുള്ള ഇത്തരക്കാർ നാടിനെ പിന്നോട്ടടിപ്പിക്കാനുള്ള വാദങ്ങളും തടസ്സങ്ങളുമാണ് നിരത്തുന്നത്- മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |