
സംവരണം അല്ലാത്ത കോഴിക്കോടും വനിത
തിരുവനന്തപുരത്ത് ആർ.ശ്രീലേഖ പട്ടികയിൽ
മുൻതൂക്കം വി.വി. രാജേഷിന്
കൊല്ലത്ത് എ.കെ. ഹഫീസ്
കൊല്ലം: ആറു കോർപ്പറേഷനുകളിൽ മേയറെ നിശ്ചയിക്കാനുള്ള കൂടിയാലോചനകളിലേക്ക് മുന്നണികൾ കടന്നന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാവും തീരുമാനം. തിരുവനന്തപുരത്ത് മുൻ ഡി.ജി.പി ആർ.ശ്രീലേഖയും കോഴിക്കോട്ട് ഡോ. എസ്. ജയശ്രീയും മേയറായാൽ ആറു കോർപ്പറേഷനുകളിൽ അഞ്ചിടത്തും വനിതകളാവും. കൊച്ചി, തൃശൂർ, കണ്ണൂർ കോർപ്പറേഷനുകൾ വനിതാ സംവരണമാണ്. തിരുവനന്തപുരത്ത് ശ്രീലേഖ ഒഴിവായാലും നാലിടത്ത് ഏറെക്കുറേ ഉറപ്പാണ്.
അതേസമയം, കൊല്ലത്ത് ഒരു മുഖം മാത്രം, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റും കെ.പി.സി.സി അംഗവുമായ എ.കെ. ഹഫീസ്. ഹഫീസിനെ മേയർ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാണ് യു.ഡി.എഫ് തിരഞ്ഞെടുപ്പിനിറങ്ങിയത്.
തിരുവനന്തപുരത്ത് രാഷ്ട്രീയ കാരണങ്ങളാൽ വി.വി. രാജേഷിന് ബി.ജെ.പി മുൻതൂക്കം നൽകുന്നുവെന്നാണ് സൂചന.
കൊച്ചിയിൽ മൂന്നംഗ സാദ്ധ്യതാപട്ടികയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി.കെ. മിനിമോൾ, 2015ൽ മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ഷൈനി മാത്യു എന്നിവരാണുള്ളത്. സിറ്റിംഗ് കൗൺസിലർമാരായ ദീപ്തിയും മിനിമോളും ഐ ഗ്രൂപ്പിനൊപ്പമാണ്. എ ഗ്രൂപ്പ് മുന്നോട്ടുവയ്‌ക്കുന്നത് ഷൈനിയുടെ പേരാണ്. മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയായ മിനിമോൾക്ക് ഭരണപരിചയത്തിന്റെ മേൽക്കൈയുണ്ട്. ഫോർട്ടുകൊച്ചിയിൽ നിന്ന് മികച്ച ഭൂരിപക്ഷത്തിൽ (1071) വിജയിച്ച ഷൈനി മാത്യു സജീവമായി രംഗത്തുണ്ടെന്നാണ് സൂചന.
തൃശൂരിൽ മുൻ ഡെപ്യൂട്ടി മേയർ കൂടിയായ അഡ്വ.സുബി ബാബുവിനാണ് മുൻതൂക്കം. ലാലൂരിൽ നിന്ന് വിജയിച്ച ലാലി ജയിംസും പരിഗണനയിലുണ്ട്. സുബി ബാബുവും ലാലി ജയിംസും നാലാം തവണയാണ് കൗൺസിലിലെത്തുന്നത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായിരുന്ന മുക്കാട്ടുകര ഡിവിഷനിൽ നിന്ന് വിജയിച്ച ശ്യാമള മുരളീധരൻ, പനമുക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഷീന ചന്ദ്രൻ എന്നിവരുടെ പേരും ഉയരുന്നുണ്ട്.
കണ്ണൂരിൽ മുൻ ഡെപ്യൂട്ടി മേയർ പി. ഇന്ദിരയും മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലുമാണ് പരിഗണനയിലുള്ളത്. മൂന്ന് തവണയും ജയിച്ച പി. ഇന്ദിരയ്ക്കാണ് പ്രഥമ പരിഗണന. പുതിയ മുഖത്തെ അവതരിപ്പിക്കാൻ ജില്ലാ കോൺഗ്രസ് നേതൃത്വത്തിനും കോർപ്പറേഷൻ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച കെ. സുധാകരൻ എം.പിക്കും താത്പര്യമുണ്ട്. അങ്ങനെയെങ്കിൽ ശ്രീജ മഠത്തിലിനാകും സാദ്ധ്യത.
കോഴിക്കോട്ടെ പരിഗണനയിൽ മുൻ ഡെപ്യൂട്ടി കളക്ടറും
എൽ.ഡി.എഫിന്റെ ഏകപിടിവള്ളിയായ കോഴിക്കോട് ജനറൽ സീറ്റാണെങ്കിലും ഡോ.എസ്. ജയശ്രീയാണ് പരിഗണനയിൽ മുന്നിൽ. നിലവിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനാണ്. മുൻ ഡെപ്യൂട്ടി കളക്ടർ ഇ. അനിതകുമാരിയാണ് മറ്റൊരാൾ. കഴിഞ്ഞ തവണ ജയശ്രീയെ പരിഗണിച്ചെങ്കിലും അവസാന നിമിഷം ബീന ഫിലിപ്പിന് നറുക്ക് വീഴുകയായിരുന്നു.
പുരുഷൻമാരിൽ നിന്ന് എൽ.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ ഒ. സദാശിവൻ പരിഗണനയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |