തിരുവനന്തപുരം: 'പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുക. അതിന്റെ പേരിൽ മറ്റൊരു അവകാശവാദത്തിനും പോകാതിരിക്കുക അതാണ് എന്റെ രീതി. എന്തെങ്കിലും ഒരു ഡിമാൻഡിനു വേണ്ടിയല്ല, ഞാൻ ജീവിച്ചത്. ഇനിയും അങ്ങനെ തന്നെയായിരിക്കും'- മന്ത്രിസ്ഥാനം രാജിവച്ച് എം.പിയായി പോകുന്ന സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രി കെ.രാധാകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു.
മന്ത്രിയായിരുന്നപ്പോൾ ഒരുപാട് കാര്യങ്ങൾ ചെയ്തു. എം.പിയാകുമ്പോൾ അത്രത്തോളം ചെയ്യാനാകുമോ?
ഒാരോ സ്ഥലത്ത് ചെല്ലുമ്പോൾ ഓരോ വേഷം കെട്ടുകയല്ലേ. എം.പി എം.പിയുടെ കാര്യം ചെയ്യണം. എം.എൽ.എ ആ കർത്തവ്യം ചെയ്യണം. മന്ത്രി മന്ത്രിയുടേതും. ഇക്കാര്യത്തിൽ പരിമിതിയുടെ വിഷയം ഇല്ല.
കനൽ ഒരു തരി എന്നൊക്കെയുള്ള വിശേഷണങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിലുള്ളത്?
അത് ഓരോരുത്തരുടേയും ഭാഷകളാണ്. ഒരോരുത്തരും അവരുടെ ബുദ്ധിക്കും അറിവിനും അനുസരിച്ച് വ്യാഖ്യാനിക്കട്ടെ.
ആരാകും പകരം മന്ത്രിയാവുക?
അതൊക്കെ പാർട്ടി തീരുമാനിക്കുന്നതല്ലേ. എന്നെത്തന്നെ പാർട്ടി തീരുമാനിച്ചതല്ലേ.
അടുത്ത പാർലമെന്റ് സമ്മേളനം വിളിക്കുന്ന സമയത്ത് എം.എൽ.എ സ്ഥാനം രാജിവയ്ക്കും.
താങ്കളുടെ വ്യക്തിപ്രഭാവമാണ് ആലത്തൂരിലെ വിജയം എന്നാണ് വിലയിരുത്തൽ?
അങ്ങനെ വ്യക്തിപ്രഭാവമൊന്നും ഇല്ല. രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണ് ആലത്തൂരും ഉണ്ടായത്.
ഭരണവിരുദ്ധ വികാരം കേരളത്തിലുണ്ടായില്ലേ?
ഭരണവിരുദ്ധ വികാരമുണ്ടായെങ്കിൽ ഇടതുപക്ഷത്തിന് ഇത്രത്തോളം വോട്ട് കിട്ടുമോ. തോൽവിക്ക് പല ഘടകങ്ങളുണ്ടാകും. കഴിഞ്ഞ തവണയും സീറ്റ് നഷ്ടത്തിന് പല ഘടകങ്ങളുണ്ടായിരുന്നു. ഏതെങ്കിലും ഒരു ഘടകത്തിന്റെ ഭാഗമായിട്ടല്ല ഇടതുപക്ഷത്തിന് 19 സീറ്റ് നഷ്ടപ്പെട്ടത്. വ്യത്യസ്തങ്ങളായ വിഷയങ്ങളുണ്ട്. അത് പാർട്ടി പരിശോധിക്കും.
ഇന്ത്യാ മുന്നണി കുറച്ചു കൂടി നേട്ടം ഉണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ലേ?
തീർച്ചയായും. 2018 മുതൽ ഇന്ത്യയുടെ ഭരണം അർദ്ധഫാസിസ്റ്റ് രീതിയിലേക്ക് മാറിയിരുന്നു. ഫെഡറൽ സംവിധാനം തകർന്നു തുടങ്ങി. മതനിരപേക്ഷത ഇല്ലാതാകുന്നു. അപ്പോൾ തന്നെ ഇന്ത്യയിൽ ഒരു മതനിരപേക്ഷ സർക്കാർ വരണമെന്ന് നമ്മൾ ആഗ്രഹിച്ചിരുന്നു. ഈ ആശയം മുന്നോട്ടു വച്ചത് പാർട്ടിയാണ്. അതിന് പിന്തുണ കിട്ടി. ദേശീയ തലത്തിൽ നമ്മുടേത് ചെറിയ പാർട്ടിയാണ്. അതുകൊണ്ട് മറ്റ് പാർട്ടികളുടെ സഹായവും സഖ്യവും അതിന് വേണ്ടിവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |