കോഴിക്കോട്/ തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കം എതിരായതോടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനവും പാർട്ടി അംഗത്വവും തുലാസിൽ. രാഹുൽ ഒഴിയണമെന്ന ആവശ്യത്തിൽ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും കെ. മുരളീധരനും അടൂർ പ്രകാശുമടക്കം ഒരേ നിലപാടിലാണ്. മുതിർന്ന നേതാക്കളായ എ.കെ. ആന്റണി, വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ തുടങ്ങിയവരുടെ അഭിപ്രായവും സമാനം.
എന്നാൽ രാജിക്ക് വഴങ്ങാതെ, പാർട്ടി തന്നെയും കേൾക്കണമെന്ന നിലപാടിലാണ് രാഹുൽ. വിഷയം കേരള നേതൃത്വം എ.ഐ.സി.സിയിലേക്കും, അവിടെ നിന്ന് തിരിച്ചും പന്തു തട്ടുകയാണ്. മുതിർന്ന നേതാക്കളുമായി ആലോചിച്ച് യുക്തമായ തീരുമാനമെടുത്ത് അറിയിക്കാനാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിന് ഹൈക്കമാൻഡിന്റെ നിർദ്ദേശം. ഇതേത്തുടർന്ന് തിരക്കിട്ട ചർച്ചകളിലാണ് സണ്ണി ജോസഫ്.
ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം നേതൃത്വം ഇടപെട്ട് തടഞ്ഞെങ്കിലും, ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ രാഹുൽ മാദ്ധ്യമങ്ങളെ കണ്ടു. ട്രാൻസ്‌ജെൻഡർ വനിതയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തിരിച്ചടിച്ചു. അതോടെ എം.എൽ.എയുടെ കാറിൽ പുറത്തിറങ്ങിയ രാഹുൽ തിരുവനന്തപുരത്തേക്കെന്ന വാർത്ത വന്നു. പക്ഷേ അരമണിക്കൂറിനകം നഗരം ചുറ്റി തിരിച്ച് വീട്ടിലേക്ക് മടങ്ങിയത് എല്ലാ വാതിലുകളും അടഞ്ഞതിന്റെ സൂചനയാണ്.
കേരളത്തിലെ നേതാക്കൾ ഒറ്റക്കെട്ടായാണ് തീരുമാനമെടുക്കുന്നതെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരളകൗമുദിയോട് പ്രതികരിച്ചത്. വിഷയങ്ങൾ താനും കെ.പി.സി.സി പ്രസിഡന്റും മറ്റ് നേതാക്കളും ശരിയായ ഗൗരവത്തിൽ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജിക്കപ്പുറത്തുള്ള നടപടിയുണ്ടാവുമെന്നും സതീശൻ വ്യക്തമാക്കി. വിഷയം ഗൗരവമുള്ളതാണെന്നും തീരുമാനം കേരളത്തിലെ നേതാക്കൾക്ക് വിട്ടെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഡൽഹിയിൽ പറഞ്ഞു.
സ്ത്രീകൾക്ക് പേടിയാവുന്നുവെന്ന് വേണുഗോപാലിന്റെ ഭാര്യ
അതിനിടെ വേണുഗോപാലിന്റെ ഭാര്യയും അദ്ധ്യാപികയുമായ ആശയുടെ ഫേസ്ബുക്ക് പോസ്റ്റും ചർച്ചയായി. 'പേടിയാവുന്നു സ്ത്രീകൾക്കും കുട്ടികൾക്കുമെന്നായിരുന്നു" പോസ്റ്റ്. ഇത് സൈബർ പോരാളികൾ ഏറ്റെടുത്തതോടെ പിൻവലിച്ചു. രാഹുലിനെ പൊതു രംഗത്ത് നിന്നും മാറ്റണമെന്നാണ് കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ പ്രതികരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ തല ഉയർത്തി ഇറങ്ങണമെങ്കിൽ എം.എൽ.എ സ്ഥാനത്ത് നിന്നുള്ള രാജിയാണ് വേണ്ടതെന്ന് ചെന്നിത്തലയും, വൈകാതെ നടപടിയുണ്ടാവുമെന്ന് കെ. മുരളീധരനും വ്യക്തമാക്കി. ഉമാ തോമസ്, കെ.കെ.രമ എന്നീ എം.എൽ.എമാരും രാഹുലിനെതിരെ നിലപാടെടുത്തു.
ഇനിയുള്ള വഴികൾ
1.എം.എൽ.എ സ്ഥാനം സ്വയം രാജിവച്ചാൽ വിഷയം അവസാനിപ്പിക്കാം. പറയാനുള്ള കാര്യങ്ങൾ വഴിയേ ജനങ്ങളെ അറിയിക്കുമെന്നാണ് ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
2. പാർട്ടി നേതൃത്വത്തിന് രാജി ആവശ്യപ്പെടാം. വഴങ്ങിയില്ലെങ്കിൽ ആറു വർഷത്തേക്ക് പുറത്താക്കാം. സ്വതന്ത്ര എം.എൽ.എയായി തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |