പാലക്കാട്: വിവാദങ്ങൾക്കിടെ വീണ്ടും പൊതു പരിപാടിയിൽ പങ്കെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷിക പരിപാടിയും ബാലസദസും ഉദ്ഘാടനം ചെയ്യാനാണ് രാഹുൽ എത്തിയത്. പരിപാടിയുടെ ഫ്ളക്സിലോ പോസ്റ്ററിലോ രാഹുലിന്റെ പേരോ ഫോട്ടോയോ വച്ചിരുന്നില്ല. വാർഡ് കൗൺസിലർ മൻസൂർ മണലാഞ്ചേരിയുടെ നേതൃത്വത്തിലാണ് രാഹുലിനെ പരിപാടിയിലേക്കെത്തിച്ചത്. പരിപാടിയിൽ പങ്കെടുത്ത മറ്റാളുകൾക്ക് രാഹുൽ പങ്കെടുക്കുമെന്ന് അറിയില്ലായിരുന്നു.
പിഡന ആരോപണമുയർന്ന ശേഷം 38 ദിവസത്തോളം മണ്ഡലത്തിൽ നിന്നു വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ കഴിഞ്ഞ മാസം 20നാണ് മണ്ഡലത്തിൽ തിരിച്ചെത്തിയത്. ബി.ജെ.പിയുടെയും ഡി.വൈ.എഫ്.ഐയുടെയും പ്രതിഷേധം ഭയന്ന് പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നില്ല. തുടർന്ന് ഈ മാസം അഞ്ചിന് പാലക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ബെംഗളൂരുവിലേക്കുള്ള ബസ് ഫ്ലാഗ് ഓഫ് ആണ് ആദ്യമായി പങ്കെടുത്ത പൊതുപരിപാടി. നേരത്തെ അറിയിപ്പു നൽകാതെ നടത്തിയ ഉദ്ഘാടന ചടങ്ങിനെതിരെ ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും പ്രതിഷേധവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആരെയും അറിയിക്കാതെ ഇന്ന് കുടുംബശ്രീ പരിപാടിയിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |