തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശബരിമല അയ്യപ്പന്റെ പൊന്നുകട്ട വിഷയത്തിൽ, മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞുകൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് അമ്പലം വിഴുങ്ങി സർക്കാർ വിചാരിക്കേണ്ടെന്നും രാഹുൽ ഫേസ്‌ബുക്കിൽ കുറിച്ചു.
മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയ്യാറല്ലെന്നും രാഹുൽ കുറിച്ചു. ഒരുപാട് ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിലനിർത്തി, സംശയത്തിന്റെ അനുകൂല്യത്തിൽ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ വിചാരിക്കേണ്ടെന്നും അയ്യപ്പ സ്വാമിയുടെ സ്വർണത്തിൽ പൊതിഞ്ഞ പാളികൾ എവിടെയെന്ന് സർക്കാരിനോട് ജനങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുൽ പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശബരിമല അയ്യപ്പന്റെ പൊന്നു കട്ട വിഷയത്തിൽ, മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഏതെങ്കിലും ഒരു ദിവ്യനെ എറിഞ്ഞുകൊടുത്ത് സ്വയം രക്ഷപ്പെടാമെന്ന് ഈ ‘അമ്പലം വിഴുങ്ങി സർക്കാർ’ വിചാരിക്കേണ്ട. ആ മസാല പുരട്ടിയ വാർത്തകൾക്ക് പിന്നാലെ പോകാൻ വിശ്വാസികളും അല്ലാത്തവരുമായ ഈ നാട്ടിലെ മനുഷ്യർ തയാറല്ല.
ഞങ്ങൾക്ക് ഉത്തരം തരേണ്ടത് ഏതെങ്കിലും ‘അവതാരമോ’, ഉദ്യോഗസ്ഥരോ , ദേവസ്വം ബോർഡോ അല്ല മറിച്ച് ഈ നാട് ഭരിക്കുന്ന സർക്കാരാണ്.
ഒരുപാട് ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിലനിർത്തി, സംശയത്തിന്റെ അനുകൂല്യത്തിൽ, കട്ട സ്വർണ്ണത്തിന്റെ പണക്കൊഴുപ്പിന്റെ പിആറിൽ രക്ഷപെടാം എന്ന് സർക്കാർ വിചാരിക്കേണ്ട.ഞങ്ങളുടെ ഒന്നാമത്തെ ചോദ്യവും രണ്ടാമത്തെ ചോദ്യവും തൊട്ട് അവസാനത്തെ ചോദ്യം വരെ ഇതാണ്.
1. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
2. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
3. ശബരിമല അയ്യപ്പ സ്വാമിയുടെ സ്വർണ്ണത്തിൽ പൊതിഞ്ഞ പാളികൾ എവിടെ?
ഈ ചോദ്യം ഇങ്ങനെ ചോദിച്ചു കൊണ്ടേയിരിക്കും, ഉത്തരം കിട്ടും വരെ. നാടിനെ കാക്കുന്ന അയ്യന്റെ
പൊന്നു കക്കുന്ന സർക്കാരിന് എതിരെ ഈ നാട് മതങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി സംഘടിക്കും, സംസാരിക്കും, പ്രതികരിക്കും.…
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |