
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ വോട്ടുവിഹിത കണക്ക് പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ വോട്ടുവിഹിതം പുറത്തുവിട്ടപ്പോള്‍ കോണ്‍ഗ്രസ് ആണ് ഒന്നാമത് എത്തിയത്. രണ്ടാം സ്ഥാനത്തുള്ള സിപിഎമ്മിനേക്കാള്‍ രണ്ട് ശതമാനം വോട്ട് കോണ്‍ഗ്രസിന് അധികം ലഭിച്ചു. 29.17 ശതമാനം നോട്ടുകളാണ് ഒന്നാമതെത്തിയ കോണ്‍ഗ്രസിന് കിട്ടിയതെങ്കില്‍ രണ്ടാമതുള്ള സിപിഎമ്മിന് ഇത് 27.16 ശതമാനമാണ്. ബിജെപിക്ക് കിട്ടിയതാകട്ടെ ആകെ പോള്‍ ചെയ്തതിന്റെ 14.76 ശതമാനം വോട്ടുകള്‍ മാത്രം.
സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ കോണ്‍ഗ്രസിന് 30 ശതമാനത്തില്‍ അധികം വോട്ടുവിഹിതം ലഭിച്ചപ്പോള്‍ സിപിഎമ്മിന് മുപ്പത് പിന്നിടാന്‍ കഴിഞ്ഞത് രണ്ട് ജില്ലകളില്‍ മാത്രം. ബിജെപിക്ക് ആകട്ടെ ഒരു ജില്ലയിലും ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞില്ല. ചരിത്രത്തിലാദ്യമായി ഒരു കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം ജില്ലയില്‍ പാര്‍ട്ടിയുടെ ആകെ വോട്ട് വിഹിതം 20 ശതമാനം ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ കോണ്‍ഗ്രസ് 30 ശതമാനം പിന്നിട്ടു. സിപിഎമ്മിന് ഇത് പാലക്കാടും കണ്ണൂരും ആണ്.
എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ സിപിഐക്ക് 5.58 ശതമാനം വോട്ട് കിട്ടിയപ്പോള്‍ യുഡിഎഫിലെ മുസ്ലീം ലീഗ് 9.77 ശതമാനം വോട്ട് വിഹിതം നേടി കരുത്ത് തെളിയിച്ചു. കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നിവര്‍ക്ക് പിന്നിലായി നാലാം സ്ഥാനത്താണ് മുസ്ലീം ലീഗ്. മലപ്പുറത്ത് യുഡിഎഫിന് വലിയ നേട്ടം ലഭിച്ചതിന് പിന്നില്‍ ലീഗിന് വോട്ടുവിഹിതത്തില്‍ ഉണ്ടായ മേല്‍ക്കൈ വലിയ പങ്കുവഹിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |