
മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുളള ടെലിവിഷൻ പരിപാടിയാണ് ബിഗ്ബോസ്. ഇപ്പോഴിതാ ബിഗ്ബോസിന്റെ ഏഴാമത് സീസൺ വരാൻ പോകുന്നുവെന്ന സൂചനകൾ വരുന്നുണ്ട്. അടുത്ത സീസണിലെ മത്സരാർത്ഥികളുടെ സാദ്ധ്യതാപ്പട്ടികയും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. അതിനിടയിൽ ബിഗ്ബോസിന്റെ അഞ്ചാം സീസണിലെ വിജയിയും സംവിധായകനുമായ അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ വീണ്ടും ശ്രദ്ധേയമായിരിക്കുന്നത്. മത്സരാർത്ഥികൾക്ക് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ച് അഖിൽ സൂചിപ്പിച്ച സംശയങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
'ഞാൻ സംവിധായകനായും ചാനൽ ചർച്ചകളിൽ സജീവമായും നിന്നിരുന്ന സമയത്താണ് ബിഗ്‌ബോസിൽ എത്തുന്നത്. മിക്കയാളുകൾക്കും എന്നെ അറിയാമായിരുന്നു. അങ്ങനെയുളള എനിക്ക് ബിഗ്‌ബോസ് ഇടുന്ന വിലയുണ്ടല്ലോ? അതിനെക്കാൾ മൂന്നിരട്ടിയാണ് എന്റെ പ്രൊഫൈലിനേക്കാൾ താഴ്ന്നവർക്ക് കൊടുത്തത്. അതിന്റെ ചേതോവികാരം എന്താണെന്നറിയണമെന്നുണ്ട്. മറ്റുളളവരുടെ ശമ്പളം എത്രയാണെന്ന് എനിക്ക് കൃത്യമായി അറിയാം. ഏഴ് പേരടങ്ങുന്ന പാനലാണ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഇതൊരു ആരോപണമാണ്. അവർക്ക് വന്ന ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും'- അഖിൽ മാരാർ പറഞ്ഞു.
ബിഗ്ബോസിന്റെ ആറാം സീസണിനെക്കുറിച്ച് അഖിൽ മാരാർ പറഞ്ഞ ചില കാര്യങ്ങൾ വൻവിവാദമായിരുന്നു. മറ്റൊരു മത്സരാർത്ഥിയായ സിബിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കിയതിനുളള കാരണവും അഖിൽ വ്യക്തമാക്കി. 'എന്നെ ഇന്ന് കാണുന്ന അഖിൽ മാരാറാക്കിയത് പ്രേക്ഷകരാണ്. അതിന് വഴിയൊരുക്കിയത് വലിയൊരു ചാനലാണ്. കാലങ്ങളായി ചിലയാളുകൾ ചെയ്യുന്ന തെറ്റുകൾ എന്റെ വായിലൂടെ പുറത്തുവരുന്ന സാഹചര്യമാണ് ഉണ്ടായത്. സീസൺ ആറിനെക്കുറിച്ച് ഞാൻ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു. സീസൺ ആറിൽ മത്സരാർത്ഥികൾക്ക് വോട്ടിംഗ് ചെയ്യുന്നതിൽ കൃത്രിമമില്ല.
അതിൽ സിബിൻ എന്ന മത്സരാർത്ഥി പുറത്തായത് വോട്ട് ലഭിക്കാത്തുകൊണ്ടല്ല. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച വ്യക്തിയായിരുന്നു സിബിൻ. ബിഗ്‌ബോസിലേക്ക് സിബിനെ ക്ഷണിച്ചത് പല ഉദ്ദേശത്തോടെയായിരുന്നു. ഇപ്പോൾ എന്നെ ക്ഷണിച്ചത് ഞാൻ ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയകളിലും വിവാദ പ്രസ്താവനകൾ നടത്തുന്നതും പുരുഷവാദിയെന്നൊക്കെ പേരുളളതുകൊണ്ടാണ്. ഞാനൊരു സ്ത്രീകൾക്കെതിരെയും സംസാരിച്ചിട്ടില്ല. ഓരോരുത്തരുടെയും പ്രവൃത്തിയെയാണ് എതിർക്കുന്നത്. അതിൽ രാഷ്ട്രീയമോ ലിംഗമോ പരിഗണിക്കാറില്ല. എന്നിൽ നിന്ന് പ്രതീക്ഷിച്ച കണ്ടന്റല്ല ബിഗ്‌ബോസിൽ അവർക്ക് ലഭിച്ചത്. അതുകൊണ്ട് പുറത്താക്കാൻ ശ്രമിച്ചു. പക്ഷെ നടന്നില്ല. സിബിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു.
സീസൺ അഞ്ച് വരെ ബിഗ്‌ബോസിനെ നിയന്ത്രിച്ചവരല്ല ആറാം സീസണിലുണ്ടായിരുന്നത്.നടത്തിപ്പുകാർ ഇനിയും ഷോയിലേക്ക് വരാൻ ആഗ്രഹിക്കുന്നവരുടെ ജീവിതം വച്ചല്ലേ കളിക്കുന്നത്? ബിഗ്‌ബോസിൽ അവസരം കിട്ടാൻ പലരും വിട്ടുവീഴ്ച ചെയ്യാറുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. എന്നോട് പല ആളുകളും അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവർക്ക് പരാതിയില്ല. ബിഗ്‌ബോസിൽ വരുന്ന മത്സരാർത്ഥി പൊതുവേ വീട്ടുകാരുടെ അഭിപ്രായം ചോദിച്ചിട്ട് വരുന്നവരല്ല'- അഖിൽ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |