അറുപത് സെക്കൻഡിൽ കേരളത്തിലെ അറുപത് സ്ഥലങ്ങൾ കാണിക്കുന്ന വ്‌ളോഗറും അവതാരകനുമായ കാർത്തിക് സൂര്യയുടെ വീഡിയോ മുമ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 'മനസിലായോ' എന്ന പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോയായിരുന്നു ഇത്. ഒരു മിനിട്ടിൽ കേരളത്തിലെ 14 ജില്ലകളിലെ ചെറുതും വലുതുമായ ദൃശ്യങ്ങളാണ് കാണിച്ചത്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ മന്ത്രി മുഹമ്മദ് റിയാസ് അടക്കം വീഡിയോ ഷെയർ ചെയ്‌തിരുന്നു.
കാർത്തിക്കിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനായ വിവേക് എക്‌സ്‌പ്രസിലെ വീഡിയോയാണ് കാർത്തിക് പങ്കുവച്ചത്.
കന്യാകുമാരിയിൽ നിന്നാണ് കാർത്തിക് യാത്ര തുടങ്ങിയത്. ഇന്റർനെറ്റിലെ ഏറ്റവും മോശം റിവ്യൂ ഉള്ള ട്രെയിനുകളിലൊന്നാണ് വിവേക് എക്‌സ്‌പ്രസ് എന്ന് കാർത്തിക് പറയുന്നു. സ്ലീപ്പർ കോച്ചിൽ തറയിൽ വരെ ആളുകൾ കിടക്കുകയായിരുന്നുവെന്ന് വ്ളോഗർ വ്യക്തമാക്കി. മനസമാധാനമായി ഉറങ്ങുന്ന കാര്യം ചിന്തിക്കുകയേ വേണ്ടെന്നും കാർത്തിക് കൂട്ടിച്ചേർത്തു. സഹയാത്രികർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്‌തു.
പതിനാറ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ട്രെയിനിലെ ശുചിമുറി വരെ കാർത്തിക് ക്ലീൻ ചെയ്‌തു. വളരെ കഷ്‌ടപ്പെട്ടാണ് ശുചിമുറി വൃത്തിയാക്കിയത്. 'നമ്മൾ വന്നുകയറിയ ടോയ്‌ലറ്റേ അല്ല, അവസാനമുള്ളത്. നമ്മൾ പുതിയൊരു കക്കൂസ് കണ്ടുപിടിച്ചു സുഹൃത്തുക്കളെ. ഇത്രയൊക്കെ വൃത്തി ഇതിനുവരുമെന്ന് ഞാൻ സത്യം പറഞ്ഞാൽ ആലോചിച്ചുപോയി. ഞാൻ ഒരാൾ ചെയ്തപ്പോൾ വന്നതാണിത്. അപ്പോൾ പറ്റാത്തതുകൊണ്ടല്ല. വേണമെന്നുവച്ചാൽ നടക്കും.'- കാർത്തിക് സൂര്യ വ്യക്തമാക്കി. കാർത്തിക്കിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ വ്യൂസ് കിട്ടാൻ വേണ്ടി മാത്രമാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വിമർശിക്കുന്നവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |