
തിരുവനന്തപുരം: മാലാ പാർവതിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനി. ഫേസ്ബുക്ക് പോസ്റ്റിലാണ് രഞ്ജിനി വിമർശനവുമായി രംഗത്തെത്തിയത്. നടി വിൻസി അലോഷ്യസിന്റെ പരാതിയുമായി ബന്ധപ്പെട്ട് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ മാലാ പാർവതിയുടെ പരാമർശം വിവാദമായിരുന്നു. നാണക്കേട് തോന്നുന്നു . പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കൾ ഒരു അവസരവാദിയാണെന്നാണ് ഇതിൽ നിന്ന് മനസിലാക്കുന്നതെന്നും ഇക്കാര്യത്തിൽ വളരെ ദുഃഖിതയാണെന്നും രഞ്ജിനി കുറിച്ചു,
സിനിമ സെറ്റിൽ താൻ നേരിട്ട അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസമാണ് വിൻസി അലോഷ്യസ് തുറന്നുപറഞ്ഞത്. ഷൂട്ടിംഗിനിടെ വസ്ത്രം ശരിയാക്കാൻ പോയപ്പോൾ സിനിമയിലെ പ്രധാന നടൻ ഞാൻ കൂടി വരാം, വസ്ത്രം ശരിയാക്കി തരാം എന്ന് പറഞ്ഞു എന്നായിരുന്നു വിൻസി ആരോപിച്ചത്, ഇതിനെ മുൻനിറുത്തിയുള്ള ചോദ്യത്തിനായിരുന്നു മാലാ പാർവതിയുടെ വിവാദ പരാമർശം.
" സിനിമയിൽ നോക്കിയേ, ഒരു കളി തമാശ പോലും മനസിലാകാത്തവരാണ് . ഇന്നാളാരോ പറയുന്നത് കേട്ടു. ബ്ലൗസ് ഒന്നു ശരിയാക്കാൻ പോകുമ്പോൾ ഞാൻ കൂടി വരട്ടെയെന്ന് ചോദിച്ചാൽ ഭയങ്കര സ്ട്രസായി, എല്ലാം അങ്ങ് തകർന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്നു പറഞ്ഞാപോരേ... ഇതൊക്കെ വലിയ വിഷമമായി മനസിൽ കൊണ്ടു നടക്കേണ്ട കാര്യമുണ്ടോ ? എന്നായിരുന്നു മാലാ പാർവതി പറഞ്ഞത്. ഷൈൻ ടോം ചാക്കോയെ വെള്ളപൂശുകയും വിൻസിയെ തള്ളിപറയുകയും ചെയ്തെന്നായിരുന്നു മാലാ പാർവതിക്കെതിരെയുള്ള വിമർശനം.
എന്നാൽ ഷൈനിനെ താൻ വെള്ളപൂശിയിട്ടില്ലെന്നും ഷൈനിന്റെ സിനിമാ സെറ്റിലെ പെരുമാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു മാലാ പാർവതിയുടെ വിശദീകരണം. പക്ഷേ വിൻസിയുടെ പരാതി ഉയർന്നിരുന്ന സാഹചര്യത്തിൽ അങ്ങനെ പറയാൻ പാടില്ലായിരുന്നു എന്ന് തിരിച്ചറിയുന്നുവെന്നും അവർ വ്യക്തമാക്കി. ഒരു വിഷയം അറിയുന്ന ഉടനെ ടെലിയിൽ വിളിച്ച് കണക്ട് ചെയ്യുമ്പോൾ എനിക്ക് പറ്റിയ പിഴയായി നിങ്ങൾ അത് കാണണമെന്നും അവർ വിശദീകരിച്ചു. വിൻസി കേസ് കൊടുക്കണം എന്ന് തന്നെയാണ് തന്റെ നിലപാടെന്നും അതിന്റെ പേരിൽ അവർ ഒറ്റപ്പെടില്ലെന്നും മാലാ പാർവതി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |