
തിരുവനന്തപുരം: കേരളത്തിലെ മത്സ്യ മാര്‍ക്കറ്റുകളില്‍ വിതരണം ചെയ്ത് നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായ മീനുകള്‍ എത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്ന്. ചെമ്പല്ലി വിഭാഗത്തില്‍പ്പെട്ട മീനുകള്‍ എത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് ഫിഷറീസ് വകുപ്പ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിലെ മീന്‍ കയറ്റുമതി ചെയ്യുന്ന കമ്പനികള്‍ ഉപേക്ഷിച്ച മീനുകളാണ് കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തിയത്.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശങ്ങളിലും വില്‍പ്പന നടത്തിയ മീനുകള്‍ വാങ്ങിക്കഴിച്ച് നിരവധിപേരാണ് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെ ബാധിച്ച് ആശുപത്രിയില്‍ ആയത്. കേട് സംഭവിച്ച മീനുകളാണ് വില്‍പ്പന നടത്തിയതെന്ന് ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകള്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. വിവിധ മീന്‍ ചന്തകളില്‍ നിന്ന് വാങ്ങിയ ചെമ്പല്ലി മീന്‍ കഴിച്ച് മുപ്പതോളം പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൊച്ചു കുട്ടികള്‍ക്കു മുതല്‍ വയോധികര്‍ക്കു വരെ ഭക്ഷ്യവിഷബാധ പിടിപെട്ടു.
തമിഴ്‌നാട്ടില്‍ നിന്ന് മീന്‍ വില്‍ക്കുന്ന കമ്പനികളില്‍ നിന്ന് കേരളത്തിലെത്തിച്ച് കച്ചവടം നടത്താന്‍ സാധനം വാങ്ങുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ കച്ചവടക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മീന്‍, കേടാകാതിരിക്കാന്‍ ഫോര്‍മാലിന്‍ ഉള്‍പ്പെടെയുള്ള അപകടകാരിയായ രാസവസ്തുക്കള്‍ ചേര്‍ക്കുന്നുവെന്ന പരാതികളും വ്യാപകമാണ്. ഫോര്‍മാലിന്‍ മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവാണ്. വേറെയും രാസ പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പരാതികളുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ എത്തിച്ച് വില്‍പ്പന നടത്തുന്ന മീനുകളില്‍ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന പരാതി കാലങ്ങളായി നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഇത്തരത്തില്‍ അതിര്‍ത്തി കടന്ന് ട്രെയിനിലും ലോറികളിലും എത്തുന്ന മീനുകള്‍ പരിശോധിക്കാന്‍ യൊതൊരു നടപടിയും സര്‍ക്കാര്‍തലത്തില്‍ സ്വീകരിക്കുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |