
കൊച്ചി: കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ജസ്റ്റിസ് എ ബദറുദ്ദീൻ പറഞ്ഞു.
കോർപറേഷൻ മുൻ ചെയർമാൻ ആർ ചന്ദ്രശേഖരനെയും കശുവണ്ടി വികസന കോർപറേഷൻ മുൻ എംഡി കെ എ രതീഷിനെയും വിചാരണ ചെയ്യാൻ സിബിഐയ്ക്ക് സർക്കാർ പ്രോസിക്യൂഷൻ അനുമതി നൽകിയിരുന്നില്ല. മൂന്ന് തവണയാണ് സർക്കാർ അനുമതി നിരസിച്ചത്. ഈ സാഹചര്യത്തിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി തുടരണമെന്നാവശ്യപ്പെട്ട് കടകംപള്ളി മനോജ് നൽകിയ അപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
'കോടതിയലക്ഷ്യപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ അഴിമതിക്കാർക്കൊപ്പം നീങ്ങുകയാണ്. എന്തിനാണ് ഈ വ്യക്തികളെ സംരക്ഷിക്കുന്നത്? ആരാണ് ഇതിനുപിന്നിൽ? ഇടതുപക്ഷ സർക്കാർ അധികാരത്തിൽ കയറിയത് അഴിമതി നടത്തില്ല എന്നുപറഞ്ഞാണ്. എന്നാൽ അഴിമതിക്കാരെ സംരക്ഷിക്കുന്ന സർക്കാരായി മാറിയെന്നാണ് മനസിലാകുന്നത്. ഇത് പരിതാപകരമായ അവസ്ഥയാണ്'- കോടതി വിമർശിച്ചു. കേസിൽ ഒരാഴ്‌ചയ്ക്കകം വിശദീകരണം നൽകണമെന്നും കോടതി നിർദേശിച്ചു.
കശുവണ്ടി വികസന കോർപറേഷൻ 2006-2015 കാലഘട്ടത്തിൽ അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ കോടികളുടെ അഴിമതി നടന്നുവെന്നാണ് കേസ്. ആർ ചന്ദ്രശേഖരനും കെ എ രതീഷുമാണ് കേസിലെ പ്രധാന പ്രതികൾ. ഹൈക്കോടതി നിർദേശപ്രകാരം 2016ലാണ് കേസിൽ സിബിഐ അന്വേഷണം ഏറ്റെടുത്തത്. 2020ലും 2025ലും മൂന്നുതവണയായി പ്രോസിക്യൂഷൻ അനുമതി നിഷേധിക്കുകയായിരുന്നു. നടപടിക്രമങ്ങളിലെ വീഴ്‌ചയ്ക്കപ്പുറം മറ്റെന്തെങ്കിലും സിബിഐയ്ക്ക് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |