
കൊച്ചി: പക്ഷികൾ അപകടത്തിലായെന്നറിഞ്ഞാൽ മുകേഷിന് മനസമാധാനം പോകും. പറന്നെത്തി രക്ഷിക്കും. പണം പ്രശ്നമല്ല. പട്ടത്തിന്റെ നൈലോൺ ചരടിൽ കുടുങ്ങിയ പറവയെ രക്ഷിക്കാൻ ബംഗളൂരുവിൽ നിന്ന് ഫ്ളൈറ്റിലാണ് കൊച്ചിയിലെത്തിയത്. വൻമരത്തിൽ കുടുങ്ങുന്ന പക്ഷികളെ രക്ഷിക്കാൻ ഉപകരണം സ്വന്തമായി നിർമ്മിച്ചു. 19 വർഷത്തിനിടെ രക്ഷിച്ചത് 6,000 പക്ഷികളെ.
മട്ടാഞ്ചേരി ആനവാതിലിൽ താമസിക്കുന്ന ഗുജറാത്ത് കച്ച് സ്വദേശിയാണ് 63കാരൻ മുകേഷ് ജെയിൻ. പിതാവ് മഘൻജി 17-ാം വയസിൽ ജോലിതേടിയാണ് കൊച്ചിയിലെത്തുന്നത്. മുകേഷ് ജനിച്ചതും വളർന്നതും മട്ടാഞ്ചേരിയിൽ. തേയില മൊത്തവ്യാപാരിയാണ്.
കൊടുംചൂടുകാലത്ത് കച്ചിൽ പക്ഷികൾ വെള്ളം കിട്ടാതെ ചത്തുവീഴുന്നത് പതിവാണ്. തന്റെ ഗ്രാമത്തിലെ പക്ഷികൾക്ക് വേനൽക്കാലത്ത് കുടിനീർ ഉറപ്പാക്കാൻ 25 വർഷം മുമ്പ് സ്വന്തം ചെലവിൽ സംവിധാനമൊരുക്കി. 2007 മുതലാണ് കൊച്ചിയിൽ പക്ഷികളുടെ രക്ഷകനായത്.
തെങ്ങുകയറ്റ തൊഴിലാളിയുടെ സഹായത്തോടെയായിരുന്നു ആദ്യമൊക്കെ രക്ഷാദൗത്യം. ദിവസവും വിളികൾ കൂടിയതോടെ മുകേഷും ഇറങ്ങി. ഒരുലക്ഷം രൂപമുടക്കി 70 അടി ഉയർത്താൻ കഴിയുന്ന തോട്ടിയും അതിൽ രക്ഷാഉപകരണവുമൊരുക്കി.
കാക്ക, പരുന്ത്, കൊക്ക്, പ്രാവ്, തത്ത എന്നിവയാണ് രക്ഷപ്പെടുത്തിയവയിൽ ഏറെയും.
നൈലോൺ പട്ടച്ചരടുകൾ വന്നതോടെയാണ് പക്ഷികൾ മരങ്ങളിലും മറ്റും കൂടുതലായി കുടുങ്ങുന്നത്, വലിച്ച് താഴെയിട്ടാൽ ചരട് മുറുകി ചത്തുപോകും. തോട്ടിയിലെ ഉപകരണത്തിന്റെ സഹായത്താൽ ചരട് പൊട്ടിച്ച് പക്ഷിയെ താഴെയിറക്കും. വെള്ളവും പ്രഥമ ശുശ്രൂഷയും നൽകി പറത്തിവിടും. ഭാവനയാണ് ഭാര്യ. മക്കൾ: ദൻദീപ്, ആവണി.
ഒട്ടകത്തെയും രക്ഷിച്ചു
2004ൽ കശാപ്പിനായി രണ്ട് ഒട്ടകങ്ങളെ കൊച്ചിയിലെത്തിച്ച സംഭവം വിവാദമായതോടെ ഉടമകൾ ഇവയെ ഉപേക്ഷിച്ച് കടന്നു. കാലാവസ്ഥാപ്രശ്നവും പട്ടിണിയും കാരണം ഒരെണ്ണം ചത്തു. അവശനായ രണ്ടാമനെ മുകേഷ് ഏറ്റെടുത്ത് പരിചരിച്ചു. ലോറിയിൽ കയറ്റി രാജസ്ഥാനിലെത്തിച്ച് വിട്ടയച്ചു. പട്ടിയെ പേടിച്ച് തെങ്ങിൽ പാഞ്ഞുകയറി കുടുങ്ങിപ്പോയ പൂച്ചയെയാണ് ഒടുവിൽ രക്ഷിച്ചത്.
ദൈവത്തിന്റെ നിയോഗമാണിത്. രക്ഷപ്പെടുത്തുമ്പോൾ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്രില്ല
- മുകേഷ് ജെയിൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |